പിണറായി സര്‍ക്കാരിന്റെ അവസാനത്തെ നിയമസഭാ സമ്മേളനം രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളുടെയും പരിഹാസപ്പെരുമഴയുടെയും കൂത്തരങ്ങായി. പി.ടി. തോമസ് സ്വര്‍ണക്കടത്തിനെയും സ്വപ്‌നയെയും മുന്നില്‍ നിര്‍ത്തി അടിയന്തര പ്രമേയത്തിന് അനുമതി തേടിയതോടെയായിരുന്നു ഇന്നത്തെ സംഭവപരമ്പരകളുടെ തുടക്കം. പരസ്പരമുള്ള ആരോപണങ്ങളിലൂടെ വളര്‍ന്ന് രൂക്ഷ പരിഹാസത്തിലൂടെ മുന്നേറി ചെളിവാരിയെറിയലുകളിലേയ്ക്ക് പതിക്കുകയായിരുന്നു തുടര്‍ന്നുള്ള ചര്‍ച്ച.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പി.ടി. തോമസിന്റെ അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം. മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള കടുത്ത പ്രയോഗങ്ങള്‍ത്തന്നെയായിരുന്നു അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് നടത്തിയത്.
'മുഖ്യമന്ത്രീ, നിങ്ങളൊരു കമ്യൂണിസ്റ്റാണോ?'
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിവാദപരമായ കേസ് വരുന്നതെന്ന് പി.ടി. തോമസ് ആരോപിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ, നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് പി.ടി. തോമസ് ചോദിച്ചു. എം.ശിവശങ്കര്‍ വെറുതേ വന്നതല്ല, അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്ലിന്‍ കാലത്ത് തുടങ്ങിയതാണ്. ലാവ്ലിനില്‍ അന്വേഷണം നടക്കുന്ന കാലത്ത് ഫയലുകള്‍ ചോര്‍ത്തി നല്‍കിയതാണ് ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിന് കാരണം, പി.ടി തോമസ് ആഞ്ഞടിച്ചു.
മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹ തലേന്ന് സ്വപ്ന അവിടെ എത്തിയിരുന്നോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞാല്‍ മതി. മുഖ്യമന്ത്രി പറയുന്നത് തങ്ങള്‍ വിശ്വസിച്ചുകൊള്ളാം. ഇ.എം.എസാണ് ആദ്യ മുഖ്യമന്ത്രിയെങ്കില്‍ ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രി എന്ന വിശേഷണമാകും പിണറായിക്ക് ലഭിക്കുക. മുഖ്യമന്ത്രിയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയതാരാണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരില്‍ നിന്ന് കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടോ? ധൃതരാഷ്ട്രരെപ്പോലെ പുത്രീ വാത്സല്യത്തില്‍ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുത്. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുത്- പി.ടി. തോമസിന്റെ പ്രകോപനം ഇങ്ങനെ പോകുന്നു.
'പിണറായിയെ മനസ്സിലായിട്ടില്ല, ഞാനൊരു പ്രത്യേക ജനുസ്സാണ്'
പി.ടി. തോമസിന്റെ ആക്രമണത്തിന് കടുത്ത പ്രത്യാക്രമണമാണ് പിണറായി നടത്തിയത്. പി.ടി. ഉന്നയിച്ച ഓരോ ആരോപണത്തിനും പരിഹാസത്തിനും അതേ നാണയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി. പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തന്റെ കുടുംബാംഗങ്ങളെ ഉന്നമിട്ട് നടത്തിയ ആരോപണങ്ങളെ പിണറായി നേരിട്ടത്. തന്റെ വീട്ടില്‍ വിവാഹത്തലേന്ന് സ്വപ്ന സുരേഷ് എത്തിയിട്ടില്ല. ബന്ധുക്കളില്‍ ആരെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടില്ല.
ജയില്‍ കാട്ടി കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കേണ്ട. നേരത്തെ പലപ്പോഴും പലരും അതിന് ശ്രമിച്ചതാണ്. നട്ടെല്ലൊടിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലും ആരുടെ മുന്നിലും തലകുനിച്ചിട്ടില്ല. ഇന്നും ആ നട്ടെന്ന് നിവര്‍ത്തിതന്നെ നില്‍ക്കുന്നു. ഞാനൊരു പ്രത്യേക ജനുസ്സാണ്, പിണറായി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. പി.ആര്‍. ഏജന്‍സികളല്ല തന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാന്‍ വകയുള്ളതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രി കസേരയില്‍ ഞെളിഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ശപിച്ചാല്‍ താന്‍ അധോലോക നായകനാകില്ല.
താന്‍ യു.എ.പി.എ കേസില്‍ പ്രതിയാകണമെന്ന് പ്രതിപക്ഷത്തിന് മോഹമുണ്ട്. അതൊരു മോഹമായിത്തന്നെ അവശേഷിക്കും. തന്റെ കൈകളും വാക്കുകയും ശുദ്ധമാണ്. തന്നെ കേസില്‍ കുടുക്കാന്‍ നേരത്തെ പലരും ശ്രമിച്ചു. അന്നൊന്നും നടന്നിട്ടില്ല. കോടതി അത് വലിച്ചെറിയുകയായിരുന്നു. ലാവ്ലിന്‍ കേസിനെ ഓര്‍മിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരേയും വലവീശാന്‍ കേന്ദ്ര ഏജന്‍സികള്‍ നോക്കി. എന്നാല്‍ വലിയ വലയില്‍ ഒരു പരല്‍മീന്‍ പോലും കുടുങ്ങിയില്ലെന്ന് പിണറായി പറഞ്ഞു.
'മുഖ്യമന്ത്രീ, വല്ലാത്ത തള്ളായിപ്പോയി, ഇത്രയും വേണ്ടിയിരുന്നില്ല'
പി.ടി. തോമസ്-പിണറായി ഏറ്റുമുട്ടലിനു ശേഷമാണ് പ്രതിപക്ഷനേതാവ് സംസാരിച്ചത്. താനൊരു വലിയ സംഭവമാണെന്ന് സ്വയം വിളിച്ചുപറയേണ്ടിയിരുന്നില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് ചെന്നിത്തല പ്രസംഗം ആരംഭിച്ചത്. പുറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നു. താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്. ഇത് വലിയ തള്ളായി. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ല. കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പിണറായി വിജയനെ ട്രോളിക്കൊണ്ട് പറഞ്ഞു.
കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെക്കുറിച്ചുള്ള പിണറായിയുടെ പരിഹാസത്തിന് അതേ നാണയത്തിലുള്ള മറുപടിയാണ് ചെന്നിത്തല നല്‍കിയത്. പിണറായി ഗ്രൂപ്പുകളിയുടെ ആശാനാണെന്നും വി.എസിനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമാണ് പിണറായിക്കുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
ബിജെപിയും നിങ്ങളും തമ്മിലും അന്തര്‍ധാര മൂലമാണ് ലാവ്‌ലിന്‍ കേസ് 20 തവണ മാറ്റിവെച്ചത്. ഇവിടെ ചെകുത്താന്‍ വേദമോതുകയാണ്. മുഖ്യമന്ത്രി ഒരു വിശുദ്ധനാകാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ദേശീയാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന് വിധേയമാകുന്നത് ചരിത്രത്തില്‍ ആദ്യമാണ്. സ്വന്തം ഓഫീസ് നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി കേരളത്തെ എങ്ങനെ നിയന്ത്രിക്കും?
പ്രസംഗത്തിനിടയില്‍ ഇടപെട്ട ടി.വി. രാജേഷ് എംഎല്‍എയ്‌ക്കെതിരെ പഴയ ചില സംഭവങ്ങള്‍ എടുത്തിട്ടാണ് ചെന്നിത്തല പ്രതിരോധിച്ചത്. അമ്മയും അച്ഛനും ഉണ്ടെന്നു പറഞ്ഞ് ഞാന്‍ ചാനലുകാര്‍ക്കു മുന്നില്‍ കരഞ്ഞിട്ടില്ലെന്ന് ചെന്നിത്തല രാജേഷിനോട് പറഞ്ഞു.
Content Highlights: Kerala Legislative Assembly: Pinarayi Vijayan, P.T. Thomas, Ramesh Chennithala Discussion