തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസ്സാക്കി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതാണെന്നും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ തയ്യാറാക്കിയതാണെന്നും പ്രമേയത്തില്‍ പറയുന്നു.
അതിനാല്‍ ഇത് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തില്‍ പറയുന്നു. സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു.
അതേസമയം, പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രമേയം പിന്‍വലിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പോലും വിമര്‍ശനങ്ങളെ സഭാസമിതിക്ക് വിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രമേയത്തില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും വി.ഡി സതീശന്‍ പറഞ്ഞു.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും ആ നിലപാടിന് ഉദാഹരണമാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രമേയമെന്നും എം.കെ മുനീര്‍ പറഞ്ഞു. എതിര്‍ത്ത് സംസാരിക്കുന്നവരെ നിഷ്‌കാസനം ചെയ്യുക എന്ന നിലപാടാണ് ഈ പ്രമേയത്തിലൂടെ ആവര്‍ത്തിക്കപ്പെട്ടത്. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും നിങ്ങള്‍ ഇല്ലാതെയായതെന്നും പ്രമേയത്തെ എതിര്‍ക്കുന്നതായും മുനീര്‍ സഭയില്‍ പറഞ്ഞു.
എംഎൽഎമാരായ വീണ ജോർജ്ജ്, ജയിംസ് മാത്യു, എം. സ്വരാജ്, ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങിയ ഭരണപക്ഷ എംഎൽഎമാർ പ്രമയത്തെ അനുകൂലിച്ചു സംസാരിച്ചു. വിശദമായ ചർച്ചയ്ക്കു ശേഷം പ്രമേയം സഭ പാസ്സാക്കി.
content highlights: Kerala legislative assembly passes resolution against CAG
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..