ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തിലെ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു. കോവിഡ് പ്രതിരോധത്തിനായി ബിഹാറില്‍ വിജകരമായി നടപ്പാക്കിയ മാതൃക ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. ഡെപ്യുട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുധീപ് ജയിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും 

കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോവിഡ് പ്രതിരോധ മാര്‍ഗ്ഗരേഖ കര്‍ശനമായി നടപ്പിലാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബീഹാര്‍ നിയസഭാ തിരെഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ മാര്‍ഗ്ഗരേഖ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് നടത്താന്‍ ബിഹാറില്‍ പോളിങ് ബൂത്തുകളുടെ എണ്ണം  63 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. 

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 21500 ത്തോളം പോളിങ് ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ എത്ര വര്‍ദ്ധനവ് വേണം എന്നത് സംബന്ധിച്ച് ജനുവരി 21 മുതല്‍ സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനമുണ്ടാകും. ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന സാഹചര്യത്തതില്‍ കൂടുതല്‍ കേന്ദ്ര സേന അംഗങ്ങളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ലഭ്യമാക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉള്ള കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗസ്ഥരുമായി സുധീപ് ജയിന്‍ന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പ്രത്യേകം ചര്‍ച്ച നടത്തും. അതിന് ശേഷം മാത്രമേ കേന്ദ്ര സേന വ്യന്യാസം സംബന്ധിച്ച അന്തിമ കണക്ക് തയ്യാര്‍ ആകുകയുള്ളുവെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത്.

content highlights: Kerala Legislative assembly election, number of booths may increse