തിരുവനന്തപുരം: കെ.എം മാണിയുടെ വിയോഗത്തിന് ശേഷം ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മാണിയുടെ കസേരയില്‍ ഇരുന്നത്‌ പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസ്.കെ മാണി വിഭാഗവും ജോസഫ് വിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറയുന്നതിനിടെയാണ് ഇന്ന് ജോസഫ് മുന്‍നിരയില്‍ മാണി ഇരുന്നിരുന്ന ആ കസേരയില്‍ ഇരുന്നത്.

എന്നാല്‍ ഇത് പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയ്ക്കല്ലെന്ന് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ജൂണ്‍ ഒമ്പതിന് മുമ്പ് നിയസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത്‌ അറിയിക്കണമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. കെ.എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

മാണിയെ അനുസ്മരിച്ച് പ്രസംഗിക്കുന്നതിനിടെയിലും പി.ജെ ജോസഫ് സീനിയോറിറ്റി ഓര്‍മ്മിപ്പിച്ച് സംസാരിച്ചതും ശ്രദ്ധേയമായി. കെ.എം മാണി വിളിച്ചത് കൊണ്ടാണ് എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് വന്നത്.

പാര്‍ട്ടിയുടെ ലയനത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് കെ.എം മാണിയോട് ആവശ്യപ്പെട്ടിരുന്നു. സീനിയറായ താന്‍ ചെയര്‍മാന്‍ ആകാമെന്നും വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നും കെ.എം മാണി പറഞ്ഞുവെന്നും പി.ജെ ജോസഫ് അനുസ്മരണത്തില്‍ വ്യക്തമാക്കി. ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ജോസഫ് ഇതുവഴി.

നേരത്തെ ജോസഫിന് മുന്‍നിര സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗവും അതിനെതിരേ മാണിവിഭാഗവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കത്തുനല്‍കിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും ജോസഫ് വിഭാഗം നേതാവുമായ മോന്‍സ് ജോസഫാണ് സ്പീക്കര്‍ക്ക് ആദ്യം കത്തുനല്‍കിയത്. സീറ്റ് ക്രമീകരണത്തില്‍ വ്യക്തത വരുത്തണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. എന്നാല്‍ മുന്‍ നിരയിലെ നാലാം നമ്പര്‍ സീറ്റ് ഒഴിച്ചിടാനാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ സീറ്റ് ജോസഫിന് അനുവദിക്കുകയായിരുന്നു. 

എന്നാല്‍, പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവി ആഗ്രഹിക്കുന്ന ജോസഫിനെ നിയമസഭാകക്ഷി നേതാവായി വാഴിക്കാനുള്ള കുറുക്കുവഴിയാണ് ഈ നീക്കമെന്ന് ജോസ് കെ. മാണിയെ പിന്തുണയ്ക്കുന്നവര്‍ വ്യാഖ്യാനിക്കുന്നു. സീറ്റുമാറ്റം അറിഞ്ഞപ്പോള്‍ത്തന്നെ അവര്‍ സ്പീക്കറുടെ ഓഫീസിനെ സമീപിച്ചിരുന്നു. മുന്‍നിര സീറ്റ് കിട്ടുന്നതോടെ പി.ജെ. ജോസഫിന് കക്ഷിനേതാവിന്റെ പദവി കൈവരുന്നതിലെ ആശങ്ക അറിയിക്കുകയും ചെയ്തു.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇപ്പോഴത്തെ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫും മാണിയുടെ മകന്‍ ജോസ് കെ. മാണിയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിയമസഭയിലേക്കും ഈ ചേരിപ്പോര് വ്യാപിക്കുന്നതോടെ കേരളകോണ്‍ഗ്രസില്‍ പിളര്‍പ്പിന് സാധ്യതയേറി. അല്‍പസമയത്തിനകം യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. ലോക്‌സഭ ഫലം വിലയിരുത്തലാണ് യോഗത്തിന്റെ അജണ്ടയെങ്കിലും കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ചയാവും.

content highlights: KM Mani, PJ Joseph, Jose K Mani, Kerala Congress M, UDF