Photo: Sabha tv
തിരുവനന്തപുരം: അപവാദ പ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് തനിക്കെതിരായ അവിശ്വാസ പ്രമേയമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. സര്‍ക്കാരിനെ അടിക്കാനാവാത്തതിനാല്‍ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ തിരിയുകയാണെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ആരോപിച്ചു.
ഇങ്ങനെയൊരു പ്രമേയം ചര്‍ച്ചചെയ്യുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ വസ്തുതകള്‍ ഇല്ലാതെ കേട്ടുകേഴ്വികളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റേത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെഎസ്.യുവിന്റെ നേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒരു അടിസ്ഥാനവുമില്ലാത്തവയാണെന്നു് സ്പീക്കര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ഓരോ ആരോപണങ്ങള്‍ക്കും സ്പീക്കര്‍ അക്കമിട്ട് മറുപടി പറഞ്ഞു.
സര്‍ക്കാരിനെ അടിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് സ്പീക്കറുടെ മുഖത്തടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. പ്രമേയം അവതരിപ്പിച്ച ഉമ്മര്‍ അടിച്ച അടി ബൂമറാങ് ആകും. ഏതെങ്കിലും പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി മറുപടി നല്കാന് എനിക്ക് സമയമില്ല. അതുകൊണ്ടാണ് തനിക്കെതിരായ അരോപണങ്ങളോട് പ്രതികരിക്കാതിരുന്നത്. കേട്ടുകേഴ്വികളുടെ പേരില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം എന്നായിരിക്കും ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. നിയമസഭാ മന്ദിരത്തിന്റെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഈ പണി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ക്രമങ്ങളും പാലിച്ചുകൊണ്ടാണ് നിയമസഭയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതികളെക്കുറിച്ചും സ്പീക്കര്‍ വിശദീകരിച്ചു. ലോഞ്ച് നവീകരണത്തില്‍ കുറ്റം കണ്ടെത്താന്‍ മാത്രമാണ് ഇപ്പോള്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മാണ പ്രവൃത്തി നല്‍കിയതിനെ സ്പീക്കർ ന്യായീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ വിളിക്കാതെ നല്കിയ നിര്‍മാണ പ്രവൃത്തികളുടെ പട്ടികയും അദ്ദേഹം വായിച്ചു. ടെണ്ടര്‍ ഒഴിവാക്കി നിര്‍മാണ പ്രവൃത്തികള്‍ ഊരാളുങ്കലിനെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന് വിവിധ എംഎല്‍എമാര്‍ നല്കിയ കത്തുകളും അദ്ദേഹം സഭയില്‍ വായിച്ചു.
ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ഞാന്‍ സാമാന്യം അന്തസ്സുള്ള കുടുംബത്തില്‍ പിറന്ന ആളാണ്. വള്ളുവനാട്ടിലെ കുടിയാന് കര്‍ഷകര്‍ക്കായി പ്രവര്‍ത്തിച്ച പിതാമഹനായ മാഞ്ചേരി രാമന്നായരുടെ ആ സംസ്കാരത്തിന്റെ ബലത്തില്‍ പറയുന്നു, നിങ്ങള്‍ പറയുന്നത് കാലം വിലയിരുത്തും. ചരിത്രം ഒരുദിവസം അവസാനിക്കാന്‍ പോകുന്നില്ല. അപവാദപ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയ ഈ അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Kerala Legislative assembly, adjournement to remove speaker- Sreeramakrishnan's replay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..