ഫോട്ടോ: സഭാ ടിവി
തിരുവനന്തപുരം: ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം എം. ഉമ്മര്‍ എംഎല്‍എ നിയമസഭയിൽ അവതരിപ്പിച്ചു. ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധവും ശങ്കരനാരായണന് തമ്പി ലോഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രമേയം. നിയസഭയുടെ അന്തസ്സ് നിലനിര്‍ത്താന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഡോളര്‍ കടത്തും കള്ളക്കടത്തും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധവും സംശയകരമായ അടുപ്പവുമാണ് പ്രമേയത്തിന് അടിസ്ഥാനം. ഡിപ്ലോമാറ്റ് എന്ന നിലയില്‍ കുടുംബപരമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ സമ്മതിച്ചിട്ടുള്ളതാണ്. പത്രങ്ങളില്‍ വന്നത് ശരിയല്ല, മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞിട്ട് അത് ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പ്രമേയം കൊണ്ടുവരില്ലായിരുന്നു എന്നും എം ഉമ്മർ സഭയിൽ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഡ്രാഫ്റ്റിങ്ങില്‍ പ്രശ്നമുണ്ടെന്ന് ജി. സുധാകരന് നടത്തിയ പരാമര്‍ശത്തിന് എം. ഉമ്മര്‍ നല്കിയ മറുപടി ജി. സുധാകരനെ ചൊടിപ്പിച്ചു. അദ്ദേഹവും ഉമ്മറും തമ്മില്‍ ചെറിയ വിധത്തില്‍ വാഗ്വാദവും നടന്നു. ഇങ്ങോട്ട് കളിയാക്കിയാല്‍ അങ്ങോട്ടും കളിയാക്കുമെന്ന് ഉമ്മര്‍ തിരിച്ചടിച്ചു. സുധാകരന് എപ്പോഴും പ്രതിപക്ഷത്തിന്റെ തലയില്‍ കയറാന്‍ വരണ്ട എന്ന പ്രയോഗം ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഈ പ്രയോഗം സഭാരേഖകളില്‍നിന്ന് നീക്കംചെയ്യണമെന്ന് വി. എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കറും വ്യക്തമാക്കി.
നിയമസഭാ സ്പീക്കറുടെ പേഴ്സണല്‍ അസിസ്റ്റന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കുന്നതിനാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ചോദ്യംചെയ്യല്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. നിയമസഭ കഴിഞ്ഞാല്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യംചെയ്യുമെന്ന വാര്‍ത്തകളാണ് നിരന്തരമായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങനെയുണ്ടായാല്‍ അത് ഈ സഭയുടെ അന്തസ്സ് ഉയര്‍ത്തുമോ? കേരള നിയമസഭയുടെ അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പ്രശ്നമാണിത്. മറ്റുചിലരായിരുന്നെങ്കില് ഇത്തരമൊരു സാഹചര്യത്തില്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറുമായിരുന്നു. സ്പീക്കറുടെ കസേര മറിച്ചിടുമായിരുന്നു.
ഈ നിയമസഭയുടെ കാലയളവില്‍ ശങ്കരനാരായണന് തമ്പി ലോഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടിയില്‍പരം രൂപയുടെ നിര്‍മാണമാണ് നടത്തിയിട്ടുള്ളത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് പ്രവൃത്തി നടത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചാണോ ഇത് നടത്തിയതെന്ന് പരിശോധിക്കണം. രണ്ടാം ഘട്ടത്തില്‍ 16 കോടി കൊടുത്തു. 30 ശതമാനം മൊബിലൈസേഷന്‍ അഡ്വാന്‍സും കൊടുത്തു. ഇത് പരിശോധിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചത് പണി പൂര്‍ത്തികരിച്ച് ശേഷം 2020ല്‍ ആണ്. എല്ലാം കഴിഞ്ഞാണ് അംഗങ്ങളെ കാര്യങ്ങള്‍ അറിയിച്ചിട്ടുള്ളത്.
രണ്ട് പ്രളയവും കോവിഡും ബാധിച്ച സമയത്ത് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്കായി ധൂര്‍ത്ത് നടത്തി. സ്പീക്കറുടെ ചെയറിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാന്‍ സ്പീക്കര്‍ക്ക് സാധിച്ചിട്ടില്ല. ഇന്ത്യയിലെ ഒരു സ്പീക്കറും ഇത്തരമൊരു ആക്ഷേപത്തിന് ഇടയാക്കിയിട്ടില്ലെന്നും എം. ഉമ്മര്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
Content Highlights: Kerala Legislative assembly , adjournement to remove speaker
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..