തിരുവനന്തപുരം: ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ പരിഗണിക്കുന്നു. എം ഉമ്മറാണ് സ്പീക്കറെ നീക്കല്‍ പ്രമേയം അവതരിപ്പിക്കുന്നത്.

സ്പീക്കറെ കേന്ദ്രഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രമേയത്തില്‍ പ്രതിപക്ഷം ആരോപിച്ചു. മറുപടി സഭയില്‍ പറയുമെന്ന് ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസ്സില്‍ നിന്നിറങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയാണ് സഭ നിയന്ത്രിക്കുന്നത് .

ചോദ്യോത്തരവേള കഴിഞ്ഞ് 9.45 കഴിഞ്ഞപ്പോള്‍ സ്പീക്കര്‍ അദ്ദേഹത്തിന്റെ ഡയസ്സില്‍ നിന്നിറങ്ങി ചേംബറിലേക്ക് പോയി. ചേംബറില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇരിക്കുന്ന സ്ഥലത്താണ് സ്പീക്കർ ഇരിക്കുക.

സഭയില്‍ ഇന്ന് സ്പീക്കറെ നീക്കംചെയ്യല്‍ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത് ഡെപ്യൂട്ടി സ്പീക്കര്‍ സഭയെ അറിയിച്ചു. തുടർന്ന് നോട്ടീസിന്‍മേലുള്ള ചര്‍ച്ച സഭയില്‍ ആരംഭിച്ചു. തടസ്സവാദം ഉന്നയിച്ച് നോട്ടീസ് നല്‍കിയ എസ്. ശര്‍മ്മയുടെ പ്രമേയാവതരണവും നടന്നു. ചട്ടംപാലിച്ചാണ് പ്രമേയം കൊണ്ടുവരേണ്ടതെന്ന എസ്. ശര്‍മ്മ പറഞ്ഞു.

ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് അനുവദനീയമായ പ്രമേയമായി ഇത് കണക്കാക്കാന്‍ കഴിയില്ല. ചട്ടങ്ങളും കീഴ്വഴക്കങ്ങളും പരിഗണിച്ചുകൊണ്ടുള്ളതാവണം പ്രമേയം. ആരുടെയും രാഷ്ട്രീയ താത്പര്യം പരിരക്ഷിക്കുന്നതിന് വേണ്ടി മഹത്തായ പദവികളെ ഉപയോഗിക്കുന്നത് അനുവദനീയമല്ല എന്നായിരുന്നു തടസ്സഹര്‍ജി ഉയര്‍ത്തിക്കൊണ്ട് ശര്‍മ്മ പറഞ്ഞത്.

 

content highlights: Kerala Legislative assembly , adjournement to remove speaker