തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ക്രിസ്ത്യന്‍ മതവികാരത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അവാര്‍ഡ് നിര്‍ണയ ജൂറിക്ക് വീഴ്ച സംഭവിച്ചോ എന്ന് അക്കാദമി പരിശോധിക്കട്ടെ എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

സംസ്ഥാന ലളിതകലാ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരമാണ് വിവാദമായത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ കെ.സി.ബി.സി ഉള്‍പ്പടെ രംഗത്തെത്തിയതോടെയാണ് പുരസ്‌കാരം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ലളിതകലാ അക്കാദമിക്ക് നിര്‍ദേശം നല്‍കിയത്. 

പുരസ്‌കാരം ലഭിച്ച കാര്‍ട്ടൂണിസ്റ്റിന്റെ കഴിവിനെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, മതപ്രതീകങ്ങളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമായി ഇതിനെ ചിത്രീകരിക്കേണ്ടതില്ല. മുന്‍ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത് മുഖ്യമന്ത്രിയെ മോശമാക്കി ചിത്രീകരിക്കുന്ന കാര്‍ട്ടൂണിനായിരുന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പുരസ്‌കാരം വിതരണം ചെയ്തതെന്നും എ.കെ ബാലന്‍ പറഞ്ഞു.

എന്നാല്‍ പുരസ്‌കാരം പുനഃപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ രംഗത്തെത്തി. വിവാദം ഖേദകരമാണെന്ന് വ്യക്തമാക്കിയ അക്കാദമി, പുരസ്‌കാരം അംഗീകരിക്കേണ്ടത് പൊതു സമൂഹത്തിന്റെ മാന്യതയാണെന്നും കൂട്ടിച്ചേര്‍ത്തു. വിമര്‍ശനകലയായ കാര്‍ട്ടൂണിന്റെ കൈ കെട്ടിയാല്‍ അതിന്റെ അര്‍ത്ഥം തന്നെ നഷ്ടമാകുമെന്നും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി തോമസ് ആന്റണി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

content highlights: kerala lalitha kala akademi, cartoon award, controversy, AK Balan