കണ്ണൂർ സെൻട്രൽ ജയിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ/ മാതൃഭൂമി
കണ്ണൂർ: ജയിലുകളിൽ മയക്കുമരുന്ന് എത്തുന്നത് തടയാനും ഉപയോഗിക്കുന്നവരെ കണ്ടെത്താനും പ്രത്യേക ‘ചാരൻമാരെ’ നിയോഗിക്കുന്നു. തടവുകാർക്കിടയിൽനിന്ന് സ്വഭാവശുദ്ധിയുള്ളവരെയും വിശ്വസ്തരെയും കണ്ടെത്തിയാണ് ഈ ജോലിക്ക് നിയോഗിക്കുന്നത്.
എല്ലാ തടവുകാരെയും വൈകിട്ട് ബ്ലോക്കുകളിൽ അടക്കുന്നതിന് മുൻപ് ദേഹപരിശോധന നടത്തുന്നത് നിർബന്ധമാക്കിയതിന് പുറമേയാണ് പുതിയ തന്ത്രവും. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പച്ചക്കറി കൊണ്ടുവന്ന ഓട്ടോറിക്ഷയിൽ എത്തിച്ച കഞ്ചാവ് പിടികൂടുകയും സൂപ്രണ്ട് സസ്പെൻഷനിലാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പരിശോധനകൾ കർശനമാക്കാൻ എല്ലാ ജയിലുകൾക്കും നിർദേശം ലഭിച്ചത്.
സംഭവത്തിനുശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടിന് സെക്യൂരിറ്റി ഓഫീസർ എന്ന ചുമതലകൂടി നൽകിയിട്ടുണ്ട്. രാത്രി എല്ലാ ബ്ലോക്കുകളിലും സൂപ്രണ്ടുമാർ മിന്നൽ പരിശോധന നടത്തണം. ഡി.ഐ.ജി.മാർ ഇടയ്ക്കിടെ ജയിലുകളിൽ പരിശോധന നടത്തണമെന്നും പുതിയ ഉത്തരവിൽ നിർദേശിക്കുന്നു.
സന്ദർശകർ എത്തിച്ചുകൊടുക്കുന്നതിന് പുറമേ, പ്രത്യേക ബ്ലോക്കുകളിൽ പുറത്തുനിന്ന് മയക്കുമരുന്നുകൾ എറിഞ്ഞുകൊടുക്കുന്നുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പരോളിൽ പുറത്തുവരുന്ന തടവുകാരാണ് ഇതിന് ഏർപ്പാട് ചെയ്യുന്നത്. ചില ജയിലുകളിൽ വാർഡർമാരുടെ സഹായവും ഇതിന് ലഭിക്കുന്നതായി ആരോപണമുണ്ട്. ലഹരിക്കടിപ്പെട്ടവർ ജയിലിലെത്തിയാൽ അക്രമാസക്തരാവുന്നത് പതിവാണ്.
Content Highlights: kerala kannur jail drugs case spies kannur central jail
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..