എന്‍ഫോഴ്സ്മെന്റ് മാതൃകയില്‍ കേരളത്തിനും അന്വേഷണ ഏജന്‍സി; ലക്ഷ്യം വന്‍കിട സാമ്പത്തിക കുറ്റകൃത്യങ്ങള്‍


വിഷ്ണു കോട്ടാങ്ങല്‍

3 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ മാതൃഭൂമി

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന് സമാനമായി കേരളത്തിലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ സംവിധാനം വരുന്നു. ഇ.ഡിയേപ്പോലെ സംസ്ഥാനത്തിനകത്ത് നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും അന്വേഷിക്കാനും നടപടിയെടുക്കാനുമായാണ് അന്വേഷണ ഏജന്‍സി രൂപീകരിക്കുന്നത്. ഇക്കണോമിക് ആന്‍ഡ്‌ ഓര്‍ഗനൈസ്ഡ്‌ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിങ് എന്നാണ് പുതിയ അന്വേഷണ ഏജന്‍സിയുടെ പേര്. പുതിയ അന്വേഷണ ഏജന്‍സി രൂപീകരിക്കുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കി. ഇനി ലഭിക്കേണ്ടത് മന്ത്രിസഭയുടെ അംഗീകാരം മാത്രം.

ഇ.ഡിയും കസ്റ്റംസും സംസ്ഥാനത്ത് വലവിരിച്ചുതുടങ്ങിയ ഘട്ടത്തിലാണ് സംസ്ഥാനം സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം എന്ന ആലോചന തുടങ്ങിയത്. സംസ്ഥാന പോലീസ് നല്‍കിയ ശുപാര്‍ശ വിവിധ ഘട്ടങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമരൂപത്തില്‍ എത്തി. ധനകാര്യവകുപ്പ് പച്ചക്കൊടി കാട്ടി.

ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ റവന്യൂ സര്‍വീസ്, ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ്, ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്നിവയിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്നതാണ് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക നിയമ നിര്‍വ്വഹണം, സാമ്പത്തിക കുറ്റകൃത്യ രഹസ്യാന്വേഷണം എന്നിവയാണ് ഇ.ഡിയുടെ ചുമതല.

എന്നാല്‍ കേന്ദ്രത്തിലേതില്‍നിന്ന് വ്യത്യസ്തമായി റവന്യു വകുപ്പും ധനകാര്യ വകുപ്പും സ്വതന്ത്ര മന്ത്രാലയങ്ങളാണ് കേരളത്തില്‍. അതിനാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴില്‍ വരുന്ന അന്വേഷണ ഏജന്‍സിയായിട്ടാകും കേരളത്തിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ചിന് കീഴിലാണ് തത്കാലം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുക. പിന്നീട് ഇത് സ്വതന്ത്ര വിഭാഗമാകും.

ജില്ലാ തലങ്ങളില്‍ ഡി.വൈ.എസ്.പിമാരുടെ ചുമതലയില്‍ സെല്ലുകള്‍. റേഞ്ച് അടിസ്ഥാനത്തില്‍ എസ്.പിമാര്‍ക്കാകും ചുമതല. പോലീസ് ആസ്ഥാനത്ത് ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടമുണ്ടാകും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കീഴിലാണ് പുതിയ അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് അനേഷിക്കുക. അന്തര്‍ സംസ്ഥാന രാജ്യാന്തര ബന്ധമുള്ള കേസുകളും അന്വേഷിക്കും.

മന്ത്രിസഭാ അനുമതി ലഭിക്കുന്നതോടെ വരുന്ന സാമ്പത്തിക വര്‍ഷം അന്വേഷണ ഏജന്‍സി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് കരുതുന്നു. സംസ്ഥാനത്ത് ഇ.ഡി. ലക്ഷ്യമിട്ടേക്കാവുന്ന കേസുകളിലും പുതിയ വിഭാഗത്തിന് അന്വേഷിക്കാം. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൂടി സഹായമാകും വിധമാണ് ക്രൈംബ്രാഞ്ചില്‍ നിയമോപദേശകരെ നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണ്.

കേന്ദ്രത്തിന്റെ കീഴിലുള്ള ഇ.ഡിക്ക് ബദലായി കൊണ്ടുവരുന്നതല്ലെങ്കിലും, അവർക്ക് അന്വേഷിക്കാനാവുന്ന കേസുകളിലും അന്വേഷണം നടത്താന്‍ കേരളത്തിന്റെ പുതിയ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിക്ക് സാധിക്കും. എന്നാല്‍ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ കടന്ന് ഇടപെടാന്‍ കഴിയില്ല.

കേന്ദ്ര ഏജന്‍സിയായ ഇ.ഡിക്ക് വിശാലമായ അധികാരങ്ങളാണ് ഉള്ളത്. 1999-ലെ വിദേശ വിനിമയ ചട്ടം, 2002-ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൈകാര്യം ചെയ്യാനാകുന്നത്. ഇത്തരം കേസുകളിലെ വിചാരണ നടപടികള്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക കോടതികളുമുണ്ടാകും. വിദേശ വിനിമയ ചട്ടം, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ എന്നിവ കേന്ദ്ര നിയമമാണ്. ഇതിന്റെ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് സാധിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം അനുസരിച്ച് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥമാണ്.

1908-ലെ സിവില്‍ പ്രൊസീജിയർ കോഡ്പ്രകാരം സിവില്‍ കോടതിയ്ക്ക് തുല്യമായ അധികാരങ്ങള്‍ ഇ.ഡി. ഡയറക്ടര്‍ക്ക് ഉണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 193, സെക്ഷന്‍ 228 അനുസരിച്ച് തെളിവ് ശേഖരിക്കുക, രേഖകള്‍ വിളിച്ചു വരുത്തുക, ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യുക തുടങ്ങിയവ കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ഈ അധികാരങ്ങള്‍ ഇഡിക്കുമുണ്ട്.

ഇത്തരം അധികാരങ്ങളൊന്നും കേരളത്തിന്റെ ഇക്കണോമിക് ആന്‍ഡ്‌ ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിങ്ങിനുണ്ടാകില്ല. അത്തരം അധികാരങ്ങള്‍ ലഭിക്കുന്ന ഏജന്‍സി രൂപീകരിക്കാന്‍ പ്രത്യേക നിയമനിര്‍മാണവും അതിന് കേന്ദ്രത്തിന്റെ അനുവാദവും വേണ്ടിവരും. കേരളം സ്വന്തമായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണ ഏജന്‍സിയെ കൊണ്ടുവരുന്നത് തന്ത്രപരമായ നീക്കമായാണ് കാണുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധമായാണ് ഇ.ഡിയെ പ്രതിപക്ഷ കക്ഷികള്‍ വിശേഷിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഇ.ഡി. അന്വേഷിച്ചേക്കാവുന്ന കേസുകള്‍ അന്വേഷിക്കാന്‍ പുതിയ അന്വേഷണ വിഭാഗത്തിന് സാധിക്കുമെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുക്കുന്നത് പിന്നീട് ഇ.ഡി. അന്വേഷണം ഇഴയാന്‍ ഇടയാക്കും. കേരളം സ്വന്തമായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഏജന്‍സി രൂപീകരിക്കുമ്പോള്‍ അവര്‍ക്ക് അന്വേഷിക്കാന്‍ പറ്റുന്ന കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ട്. നോട്ടീസ് നല്‍കി വിളിച്ചുവരുത്തുക, സെര്‍ച്ച് മെമ്മോ നല്‍കി റെയ്ഡ് നടത്തുക, റെയ്ഡ് നടത്തി കണ്ടെത്തുന്ന വസ്തുക്കള്‍ കണ്ടുകെട്ടുക, വ്യക്തികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ അധികാരങ്ങളുള്ള അന്വേഷണ ഏജന്‍സിയാകും സംസ്ഥാനത്തും വരാന്‍പോകുന്നത്.

സംസ്ഥാനത്ത് വന്‍കിട സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനം വരുന്നത്. പോപ്പുലര്‍ ഫിനാന്‍സ് പോലുള്ളള കോടികളുടെ തട്ടിപ്പുകള്‍ ഉദാഹരണം. എന്നാല്‍ ഇത്തരം കേസുകളുടെ അന്വേഷണത്തിന് ഏകോപന സ്വഭാവം ഇല്ലാത്തത് വലിയ തിരിച്ചടികളുണ്ടാക്കുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാനും കൂടുതല്‍ കാര്യക്ഷമമായി നടപടികളെടുക്കാനുമാണ് ഇക്കണോമിക് ആന്‍ഡ്‌ ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിങ് എന്ന പേരിലൊരു അന്വേഷണ വിഭാഗം രൂപീകരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ ആരംഭിക്കുന്ന വിഭാഗത്തിന്റെ അന്തിമ രൂപരേഖയായെന്നാണ് വിവരം.

Content Highlights: Kerala is setting up an Investigation Agency on the model of enforcement Directorate

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


mv govindan

1 min

തൃശ്ശൂരില്‍ ED സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ കളമൊരുക്കുന്നു, ആസൂത്രിത നീക്കം - എം.വി ഗോവിന്ദന്‍

Oct 1, 2023


PK Kunhalikutty

1 min

കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളര്‍ത്തും-പി.കെ.കുഞ്ഞാലിക്കുട്ടി

Sep 30, 2023

Most Commented