ന്യൂഡല്‍ഹി: കേരളത്തിലും ഇത്തവണയും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. എം. രാജീവന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇത്തവണയും അത് പ്രതീക്ഷിക്കണം. സര്‍ക്കാര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്. എപ്പോള്‍ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസത്തിനു മുന്‍പായി അറിയിക്കുമെന്നും ഡോ. എം. രാജീവന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Kerala is likely to experience flood this year- Warning from Secretary, Ministry of Earth Sciences