തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പ്രതിരോധം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി. പരിശോധനകളുടെ എണ്ണം കൂട്ടും. രോഗലക്ഷണമുള്ളവർക്കെല്ലാം കോവിഡ് പരിശോധന നടത്തും. കേരളത്തിലേക്കെത്തുന്ന തൊഴിലാളികൾക്ക് കോവിഡ് ടെസ്റ്റ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ 14 സർക്കാർ ലാബുകളിലും 6 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധനയ്ക്കുള്ള സംവിധാനമുള്ളത്. മൂന്ന് മാസത്തിനുള്ളിലാണ് 20 ലാബുകൾ പ്രവർത്തനസജ്ജമാക്കാൻ സാധിച്ചത്. എല്ലാ സർക്കാർ ലാബുകളിലും കൂടി പ്രതിദിനം 3000 പരിശോധനകൾ നടത്താൻ സാധിക്കും. അത്യാവശ്യഘട്ടങ്ങളിൽ അത് 5000 ആയി ഉയർത്താനും ആവും. പരിശോധനയുടെ എണ്ണം വർധിപ്പിക്കും. രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളെ കോവിഡ് പരിശോധന നടത്തുന്ന കാര്യവും ആലോചിക്കും.

കോവിഡ് പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ് ലാബുകളിൽ ആരോഗ്യവകുപ്പ് എൻഎച്ച്എം മുഖാന്തിരം 180 താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചു. 8379ലധികം തസ്തികകളാണ് കോവിഡ് കാലയളവിൽ സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Content Highlights: Kerala intensifying Covid 19 test soon, says Chief Minister