തിരുവനന്തപുരം: കേരളത്തിനുള്ള വായ്പാ വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി തോമസ് ഐസക്. വര്‍ഷാവസാനം 10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തില്‍ കിട്ടിയത് 1920 കോടി രൂപ മാത്രമാണ്. കാരണം വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 

സംസ്ഥാന സര്‍ക്കാരിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു, നഷ്ടപരിഹാര ധനസഹായം നല്‍കുന്നതില്‍ കേരളത്തെ തഴഞ്ഞു. വായ്പ പരിധി വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല, എന്ന് തരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തില്‍ സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം. അതുകൊണ്ട് സാമ്പത്തിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് സംസ്ഥാനം നിര്‍ബന്ധിതമാവുകയാണ്. 

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തുകയാണ്. ഇതാണ് സംസ്ഥാന സര്‍ക്കാരിനേയും ബാധിക്കുന്നത്.  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും സാമ്പത്തിക ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം നേരിട്ടാന്‍ സര്‍ക്കാര്‍ ചെലവുകള്‍ കൂട്ടുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ സമ്പദ് വ്യവസ്ഥയില്‍ ആവശ്യത്തിന് ധനം ഉണ്ടാവുകയുള്ളൂ. മുന്‍പുള്ള പ്രതിസന്ധികളില്‍ മാന്ദ്യത്തെ ഇത്തരത്തിലാണ് നമ്മള്‍ മറികടന്നത്. 
എന്നാല്‍ ഇതിന് വിരുദ്ധമായി  ചെലവ് ചുരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 

കേന്ദ്രധനമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിക്കും, സംസ്ഥാനത്തിന്റെ പ്രതിസന്ധി ശ്രദ്ധയില്‍പ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു. 

Content Highlights: Kerala in financial crisis due to centre's policy, says Finance minister Thomas Issac