തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിലൂടെ കൊറോണ നിര്‍ണയം നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ശശീ തരൂര്‍ എം.പിയുടെ ശ്രമഫലമായാണ് കിറ്റുകള്‍ കേരളത്തിലേക്ക് എത്തിയത്. എം.പിയെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അഭിനന്ദിച്ചിരുന്നു. ആ കിറ്റുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് എത്തിച്ചതെങ്ങനെയെന്ന് തരൂര്‍ ചാനല്‍ ചര്‍ച്ചയില്‍ വിവരിച്ചു. പ്രധാനമന്ത്രിയുടെ ഇടപെടലില്‍ നിയമം പരിഷ്‌കരിച്ചും പുണെയില്‍ നിന്ന് കോഴിക്കോടും അവിടെ നിന്നും തിരുവനന്തപുരത്തും എത്തിച്ചാണ് കിറ്റുകള്‍ ഉപയോഗിച്ച് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. 

കിറ്റുകള്‍ക്കായി ഫണ്ട് അനുവദിക്കാന്‍ വ്യവസ്ഥയില്ല. അതിനാല്‍ തന്നെ  നിയമവിരുദ്ധമായിരുന്നു. എം.പി ഫണ്ടില്‍ നിന്ന് പണം അനുവദിക്കുന്നതിന് നിബന്ധനകളുണ്ട്. മൂവബിള്‍ ആയ ഒന്നും എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങാനാകില്ല. എം.പി ഫണ്ടില്‍ നിന്ന് പണം വിനിയോഗിച്ച് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു കെട്ടിടം നിര്‍മിക്കാം. ആ കെട്ടിടത്തിനുള്ളില്‍ ഒരു കസേര വാങ്ങിയിടാന്‍ പക്ഷേ പറ്റില്ല. കാരണം ആ കസേര ആര്‍ക്കേലും എടുത്തുകൊണ്ട് പോകാല്ലോ. അങ്ങനെ ഒള്ള നിയമങ്ങളൊക്കെ ഉണ്ട്. 

അതുമാത്രമല്ല വാങ്ങുന്ന ഓരോന്നിനും മിനിമം ഒരു വില നിശ്ചയിട്ടുണ്ടാം.  250 തെര്‍മ്മോ മീറ്റര്‍ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനായും ശ്രമിച്ചു. അത് പക്ഷേ എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങാന്‍ കഴിയില്ല. യൂണിറ്റിന്റെ ചിലവ് വളരെ കൂടിയതാ.  ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തി. യാദൃച്ഛികമായി ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും കഴിഞ്ഞു. ലോക്സഭാ സമ്മേളനം നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ഒന്‍പത് പത്ത് എം.പിമാര്‍ സ്പീക്കറിനോട് യാത്ര പറയാന്‍ വേണ്ടി ചെന്നു. ആ സമയത്ത് നമ്മുടെ പ്രധാനമന്ത്രിയും അവിടെ എത്തി. എം.പിമാരെ സഹായിക്കണമെന്ന് അദ്ദേഹത്തോട് ഞാന്‍ നേരിട്ടു പറഞ്ഞു. അദ്ദേഹം ശ്രദ്ധിച്ചു കേട്ടു. സ്പീക്കറും കേട്ടു. ഉച്ച ആയപ്പോഴേക്കും സ്പീക്കര്‍ എന്നെ വിളിച്ചു പറഞ്ഞു. നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ ഇന്നുതന്നെ ഈ നിയമം മാറ്റാന്‍ ഉത്തരവ് ഇറങ്ങും എന്ന് അറിയിച്ചു. അങ്ങനെ നിയമം വരെ മാറ്റിയാണ് ഇത് ലഭ്യമാക്കിയത്.

ഈ സമയം ലോക്ക് ഡൗണ്‍ ആയതോടെ ഞാന്‍ ഡല്‍ഹിയില്‍ പെട്ടുപോയി. പക്ഷേ എന്റെ ടീം ഉത്തരവ് ലഭിച്ച ഉടനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചാപ്റ്ററും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും എല്ലാവരുമായി ബന്ധപ്പെട്ടു. അടിയന്തിര ആവശ്യം എന്താണെന്നും അതാണ് പരിഹരിക്കാന്‍ ശ്രമിയ്ക്കുന്നതെന്നും അവരോട് പറഞ്ഞു. ആവശ്യം അറിഞ്ഞാണ് ശ്രമിച്ചതും ഓര്‍ഡര്‍ കൊടുത്തതും.  ഓര്‍ഡര്‍ കൊടുത്ത ശേഷം ഇത്ര വേഗം ലഭിക്കാന്‍ സാധിച്ചതില്‍ ഒരുപാട് പേരോട് നന്ദിപറയാനുണ്ട്. എല്ലാവരും മുന്‍കൈയെടുത്തിട്ടാണ് ഇത് സാധിച്ചത്. ഫ്ള്ളെറ്റില്‍ കയറ്റി അയക്കുന്നത് വരെ ഇത്ര വേഗം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല.  പുണെയില്‍ നിന്ന് ആയിരം കിറ്റുകള്‍ എത്തിച്ചത് രാജ്യത്തെ ആദ്യത്തെ സംഭവമാണ്. 

വിദേശത്ത് നിന്ന് ലഭ്യമാക്കാനാണ് ആദ്യം ശ്രമിച്ചത്. പക്ഷേ വിദേശത്ത് അവരുടെ ആവശ്യത്തിനു പോലും കിറ്റ് ലഭ്യമായിരുന്നില്ല. പല രാജ്യങ്ങളിലും അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അവര്‍ക്കിത് ഉത്പാദിപ്പിക്കാന്‍ തന്നെ മൂന്നും നാലും ആഴ്ച തന്നെ സമയം വേണ്ടിവരുമെന്നാണ്. ഇന്ത്യയില്‍ ഇതാരെങ്കിലും ചെയ്യുന്നുണ്ടോയെന്ന് അന്വേഷിച്ചു. ആ അന്വേഷണത്തിനൊടുവിലാണ് പുണെയിലെ മൈലാബ്സ് എന്നൊരു കമ്പനിയുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചത്.

ഗുജാറാത്തി കമ്പനിയാണ്. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ആണ് കിറ്റ് നിര്‍മ്മിച്ചത്. ഐസിഎംആറിന്റെ ക്ലിയറന്‍സും ഉണ്ട്. അവരുമായി ബന്ധപ്പെട്ടു, സംസാരിച്ചു. നിരക്ക് കുറച്ച് കൂടുതല്‍ ആയിരുന്നു. പക്ഷേ കുറച്ച് ദിവസത്തിനുള്ളില്‍ എത്തിക്കാമെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചു. വ്യാഴാഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിു. അടുത്ത പ്രശ്നം തിരുവനന്തപുരത്ത് എങ്ങനെ എത്തിക്കുമെന്നായി. ഞാന്‍ നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ പാര്‍ട്ടിയിലെ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ഉണ്ട്. അതിന്റെ പത്തനംതിട്ട ചാപ്റ്ററിന്റെ നേതാവ് ആനന്ദ് മോഹന്‍ദാസ് ഇന്റിഗോ പൈലറ്റ് ആണ്. 

പൈലറ്റിന് എയര്‍ലൈന്‍ കമ്പനിയുമായി നല്ല സപ്പോര്‍ട്ട് ഉണ്ടായതിനാല്‍ അദ്ദേഹം വഴി കണ്ടുപിടിച്ചു. സ്പൈസ് ജെറ്റിനോട് ചോദിച്ചാല്‍ കേരളത്തിലേക്ക് എത്തിക്കാന്‍ സാധിക്കും അവര്‍ പുണെയില്‍ നിന്ന് കോഴിക്കോട് വരാന്‍ സാധ്യത ഉണ്ടെന്ന് മോഹന്‍ദാസ് പറഞ്ഞു. പ്രൈവറ്റ് കമ്പനികളിലെ വിമാനം വാടകയ്ക്ക് എടുത്ത് ചാര്‍ട്ടര്‍ ചെയ്ത് കൊണ്ടുവരാന്‍ മൂന്നര ലക്ഷം ഒക്കെ വേണ്ടിവരുമെന്നാണ് കരുതിയത്. 

ആനന്ദിന്റെ സഹായത്തോടെ സ്പൈസ് ജെറ്റുമായി സംസാരിച്ചു. അവര്‍ സഹായിച്ചു. പക്ഷേ കോഴിക്കോട് എത്തിക്കാനെ പറ്റുകയുള്ളുവെന്ന് അവര്‍ പറഞ്ഞു. പക്ഷേ ഞങ്ങള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വാഹനത്തില്‍ എത്തിക്കാമെന്ന് പറഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്ക് നിര്‍മ്മാണം കഴിഞ്ഞ ശേഷം പിറ്റേന്നു രാവിലെ 11 മണി ആയപ്പോഴേക്കും കിറ്റുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു. ഓര്‍ഡര്‍ 3000 കിറ്റുകള്‍ക്കാണ്. 2000 കിറ്റുകള്‍ ഞായറാഴ്ച എത്തും-തരൂര്‍ പറഞ്ഞു

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ ശശി തരൂർ പ്രശംസിച്ചു കേരളത്തിലെ പ്രവർത്തനങ്ങൾ കാണുമ്പോൾ തനിക്ക് അഭിമാനമുണ്ടെന്ന് ശശി തരൂർ പറഞ്ഞു. പ്രധാനമന്ത്രി കേരളത്തെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വീഴ്ചകളുണ്ടാകാം. ഇത് പ്രതിപക്ഷത്തെ നേതാക്കൾ ചൂണ്ടിക്കാട്ടിയതിനോട് യോജിക്കുന്നു. എന്നാൽ, മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ നല്ല രീതിയിലാണ്. ദീപം തെളിയിക്കുന്നതും ശബ്ദം ഉണ്ടാക്കുന്നതു സംബന്ധിച്ച് വിവാദങ്ങളുണ്ടെങ്കിലും താൻ ദീപം തെളിയിക്കുമെന്നും ശശി തരൂർ പറഞ്ഞു.

Content Highlight:Kerala how to gets rapid testing kits from Pune