കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കത്ത സർക്കാർ നിലപാടിനെതിരേ കേരള ഹൈക്കോടതി. സ്ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ടാണ് നടപ്പാക്കത്തതെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സർക്കാർ ജീവനക്കാർ നൽകണമെന്ന വ്യവസ്ഥയിൽ സർക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പെരുമ്പാവൂർസ്വദേശി ഡോ. ഇന്ദിര രാജു നൽകിയ ഹർജി പരിഗണിക്കവേ ആണ് വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. എന്തുകൊണ്ടാണ് സർക്കാർ സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കത്തതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഡൗറി പ്രൊഹിബിഷൻ ഓഫീസേഴ്സ് നിയമം നടപ്പിലാക്കാത്ത നിലപാടിനെതിരേയും കോടതി അതിരൂക്ഷമായി വിമർശിച്ചു.

സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഇരയാക്കപ്പെടുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു. വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങൾ കണക്കാക്കി മാത്രമേ വിവാഹം രജിസ്ട്രേഷൻ നടത്താൻ പാടുള്ളൂവെന്ന് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേരളത്തിൽ സ്ത്രീധന ഗാർഹിക പീഡനങ്ങളും സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ മരണവും വർധിക്കുന്ന സാഹചര്യത്തിലാണ് പൊതുതാത്‌പര്യ ഹർജി.


Content Highlights:Kerala hoghcourt against government on dowry prohibition act