കൊച്ചി: പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ലോക്ക്ഡൗൺ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞ് സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്. ഈ സന്ദർഭത്തിൽ കേന്ദ്രസര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.

പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെ എംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികള്‍ നിലവിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്സ് ഫ്ളൈറ്റ്സ് തയ്യാറാണ്.

ഈ സാഹചര്യത്തിൽ കോവിഡ് രോഗമില്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇക്കാര്യത്തിലാണ് നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

പ്രത്യേക സാഹചര്യമാണ് ഇപ്പോൾ രാജ്യത്ത് നിലനില്‍ക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിലവില്‍ ഒരു സ്ഥലത്ത് കഴിയുന്നവരെ അവിടെതന്നെ തുടരണമെന്ന ഉത്തരവിനുള്ള സാഹചര്യവും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി. 

പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഗണിച്ച് അവരെ ഇങ്ങോട്ടേക്കെത്തിക്കാന്‍ നയപരമായ തീരുമാനം ഉണ്ടെങ്കില്‍ അത് വിശദീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.

17ാം തീയതി ഈ കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

content highlights: Kerala Highcourt seeks report from Central Government on NRI Issue