Screengrab: Mathrubhumi News
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും വ്യക്തമാക്കി സംഘാടകര്‍ക്കെതിരേ ശക്തമായനടപടി വേണമെന്നും റാലിക്കെതിരേ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയെ കണ്ടെത്താന്‍ ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘമെത്തിയെങ്കിലും പള്ളുരുത്തി തങ്ങള്‍ നഗറിലെ അവരുടെ വീട് അടച്ചിട്ടിരിക്കുകയാണ്. തറവാട്ടുവീട്ടിലും പരിശോധന നടത്തി.
മകനേയും പേരക്കുട്ടിയേയും കുറേ ദിവസമായി കാണാനില്ലെന്നാണ് ബന്ധു പോലീസിനോട് പറഞ്ഞത്. തങ്ങള്‍ നഗര്‍ സ്വദേശിയായ കുട്ടിയുടെ പിതാവ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നാണ് പോലീസിനു കിട്ടിയ വിവരം. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തിലും ഇതേ കുട്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്തുവന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുദ്രാവാക്യം വിളിക്ക് പള്ളുരുത്തി, തോപ്പുംപടി ഭാഗത്തുള്ളവരുടെ ഉച്ചാരണ ശൈലിയുമായി സാമ്യമുള്ളതിനാലാണ് ആലപ്പുഴ പോലീസിന്റെ തിരച്ചില്‍ ഇവിടേക്ക് എത്തിയത്. ജുവനൈല്‍ നീതി നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും കുട്ടിയെ കണ്ടെത്താനുള്ള ശ്രമമെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ ഗൂഢാലോചന വ്യക്തമാകൂവെന്ന നിലപാടിലാണ് പോലീസ്. കുട്ടിയെ തോളിലേറ്റി പ്രകടനത്തില്‍ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..