കേരള ഹൈക്കോടതി | Photo: Mathrubhumi
കൊച്ചി: കേരള ഹൈക്കോടതി കൊച്ചി നഗര ഹൃദയത്തില്‍നിന്ന് കളമശ്ശേരിയിലേക്ക് മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി. മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേതാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മംഗള വനത്തിന് സമീപത്തെ ഹൈക്കോടതി സമുച്ചയത്തിലെ സ്ഥലപരിമിതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. അഭിഭാഷകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പടെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി ലോല മേഖല ആയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവും കത്തില്‍ വിശദീകരിച്ചിരുന്നു.
ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയത്. കളമശേരി എച്ച്എംടിക്ക് സമീപത്താണ് 27 ഏക്കര്‍ സ്ഥലം കണ്ടെത്തിയത്. സ്ഥലം ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, നിയമ സെക്രട്ടറി വി.ഹരി നായര്‍, ജില്ലാ കളക്ടര്‍ രേണു രാജ് , ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാർ എന്നിവർ നേരിട്ട് എത്തി പരിശോധിച്ചു.
ഹൈക്കോടതിക്ക് പുറമെ, മീഡിയേഷന് സെന്റര്‍ ഉള്‍പ്പടെ രാജ്യാന്തര തലത്തില്‍ ഉള്ള സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, അഭിഭാഷകരുടെ ചേംബര്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ കളമശേരിയില്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വനിതാ അഭിഭാഷകര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കും.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയ സാഹചര്യത്തില്‍ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതി ഭരണ സമിതിയാണ്. സമിതിയുടെ തീരുമാനം ഉണ്ടായാല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: kerala high court shifting to kalamassery government allocated lan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..