കൊച്ചി: രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി. സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരാണ്, സ്ത്രീ എന്ന പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ ജോലി നിഷേധിക്കപ്പെട്ട യുവതിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സില്‍ തനിക്ക് ജോലി നിഷേധിച്ചുവെന്നായിരുന്നു കൊല്ലം സ്വദേശിനിയായ യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. താല്‍ക്കാലിക ജോലിക്കാരിയായ യുവതി സ്ഥിരം പോസ്റ്റിലേക്ക് അപേക്ഷിച്ചപ്പോള്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് സ്ഥിരനിയമനം നല്‍കുന്നതെന്നായിരുന്നു നിബന്ധന. 

കേരള ഫാക്ടറീസ് ആക്ട് പ്രകാരം 7 മണിക്ക് ശേഷം സ്ത്രീകളെ ജോലി ചെയ്യിക്കാനാവില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ആയിരുന്നു വിജ്ഞാപനമെന്നാണ് കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് കോടതിയില്‍ വിശദീകരിച്ചത്. 

എന്നാല്‍ യോഗ്യത ഉണ്ടെങ്കില്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം സ്ത്രീകള്‍ക്ക് നിഷേധിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. സമൂഹം മാറുകയാണ്. അത് ഉള്‍ക്കൊള്ളണം. സ്ത്രീകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എല്ലാവരും മനസ്സിലാക്കണമെന്നും യുവതി നല്‍കിയ അപേക്ഷ പരിഗണിക്കണമെന്നും ഫാക്ടറീസ് ആക്ട് ഈ കേസില്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. 

Content Highlights: Kerala High Court on Night Job vacancies for women