കൊച്ചി: ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ കളക്ടര്‍ക്കോ നിയമപരമായ അധികാരമില്ലെന്നും സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയ നടപടി വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

ലക്ഷദ്വീപില്‍ ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച് സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയ നടപടിയാണ് ഹൈക്കോടതി താല്ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുന്നത്. ഒരു ഉത്തരവിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ കളക്ടര്‍ക്കോ നിയമപരമായ അധികാരം ഇല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. നിയമത്തില്‍ ഭേദഗതി വരുത്തിവേണം ഇക്കാര്യത്തില്‍ മാറ്റം വരുത്തേണ്ടതെന്നും ഹൈക്കോടതി മുന്നോട്ട് വെച്ചു.

ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കില്‍ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയുടെ വര്‍ധന. ഇതിനെതിരേയായിരുന്നു ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്. 

സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത് പുറത്തുനിന്നെത്തുന്നവര്‍ക്ക് ഭൂമി വാങ്ങിക്കൂട്ടാന്‍ അവസരമൊരുക്കുന്ന നടപടിയാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. അതോടൊപ്പം വിവിധ സ്‌ളാബുകളിലായി സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടുന്നത് നിയമപരമല്ലെന്നും ഹര്‍ജിയില്‍ മുന്നോട്ട് വെച്ചിരുന്നു. 

Content Highlights: Kerala high court has stayed the increase in stamp duty in Lakshadweep