ബെഫി ജീസണും ഡെന്നിസ് ജോസഫ് തോമസും
ബെഫി ജീസണും ഡെന്നിസ് ജോസഫ് തോമസും

കൊച്ചി: ലോക്ഡൗണ്‍ തടസം കോടതി നീക്കിയതോടെ ബെഫിയും ഡെന്നിസും വിവാഹിതരായി. കോവിഡ് കാരണം ഒരു വര്‍ഷത്തോളം നീട്ടിവെയ്‌ക്കേണ്ടി വന്ന വിവാഹമാണ് ഇന്ന് അടിയന്തരമായി നടത്താന്‍ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

വെള്ളിയാഴ്ച വിവാഹം നടത്തി അന്നു തന്നെ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുമാണ് ജസ്റ്റിസ് എന്‍.നഗരേഷ് നിര്‍ദേശിച്ചത്. വിസ കാലാവധി തീരുന്നതിനാല്‍ ജൂണ്‍ അഞ്ചിന് വരന് അമേരിക്കയിലേക്ക് മടങ്ങേണ്ടതുള്ളതും പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍. തുടര്‍ന്നാണ് തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി ഇരുവരും വിവാഹരിരായത്. 

തൃശ്ശൂര്‍ സ്വദേശിനി ബെഫി ജീസണിന്റെയും പൂഞ്ഞാറില്‍ വേരുകളുള്ള അമേരിക്കന്‍ പൗരന്‍ ഡെന്നിസ് ജോസഫ് തോമസിന്റെയും കഴിഞ്ഞ വര്‍ഷം മേയ് അഞ്ച് മുതലുള്ള കാത്തിരിപ്പാണ് ഇന്ന് യാഥാര്‍ഥ്യമായത്. 2019 മേയ് 17-നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു തീരുമാനം.

ഇതിനിടയിലാണ് കോവിഡും ദേശീയ ലോക്ഡൗണും വന്നത്. തുടര്‍ന്ന് ഈ വര്‍ഷം മേയ് അഞ്ചിന് വിവാഹം നടത്താന്‍ തീരുമാനിച്ചു. ഇതിനായി ഡെന്നിസ് മേയില്‍ കേരളത്തിലെത്തി. അപ്പോഴും കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 

വിസയുടെ കാലാവധി കഴിയുന്നതിനാല്‍ വിവാഹത്തിനു ശേഷം ജൂണ്‍ അഞ്ചിന് അമേരിക്കയിലേക്ക് മടങ്ങണമായിരുന്നു. 30 ദിവസത്തെ നോട്ടീസ് കാലാവധി പാലിക്കാന്‍ സാധിക്കാത്തതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താനാകുമായിരുന്നില്ല. അതിനാല്‍ കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കി. സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കാത്തത് കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍, ഇതില്‍ നടപടി ഉണ്ടായില്ല. 

തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. കോവിഡ് കാരണമാണ് വിവാഹം നീട്ടിവെയ്‌ക്കേണ്ടി വന്നതെന്നത് കണക്കിലെടുത്താണ് വെള്ളിയാഴ്ച തന്നെ വിവാഹം നടത്താന്‍ കോടതി നിര്‍ദേശിച്ചത്. വെള്ളിയാഴ്ച ഇരുവരുടെയും വിവാഹം നടത്തി നല്‍കാന്‍ തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസറോടാണ് കോടതി നിര്‍ദേശിച്ചത്. 

Content Highlights: Kerala high court allows marriage amid lockdown