കൊച്ചി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും മൃഗങ്ങളുടെ അ‌വകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ​കേരള ​ഹൈക്കോടതി. തന്റെ വീട്ടിലെ പൂച്ചകൾക്ക് ബിസ്ക്കറ്റ് വാങ്ങാൻ അ‌നുമതി നിഷേധിച്ച പോലീസ് നടപടിയ്ക്കെതിരെ എറണാകുളം മരട് സ്വദേശി എൻ.പ്രകാശ് നൽകിയ ഹർജിയി അ‌നുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മരടിൽ താമസിക്കുന്ന പ്രകാശ് കടവന്ത്രയിൽ ആശുപത്രിയിൽ നിന്ന് പൂച്ചകൾക്കുള്ള ബിസ്ക്കറ്റ് വാങ്ങാൻ പോലീസിനോട് അ‌നുമതി തേടിയിരുന്നു. എന്നാൽ, അ‌നുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് താൻ ഹർജിയുമായി കോടതിയെ സമീപിച്ചതെന്ന് പ്രകാശ് പറയുന്നു.

താൻ സസ്യാഹാരം മാത്രം കഴിക്കുന്ന ആളായതിനാൽ വീട്ടിൽ മാംസാഹാരം പാകം ചെയ്യാറില്ല. പൂച്ചകൾ കാലങ്ങളായി പ്രത്യേക ബിസ്ക്കറ്റാണ് കഴിക്കുന്നത്. അ‌തില്ലാതെ അ‌വയ്ക്ക് ജീവിക്കാനാവില്ല. മൃഗങ്ങൾക്കുള്ള ഭക്ഷണവും കേന്ദ്രസർക്കാർ അ‌വശ്യ സേവനങ്ങളിൽ പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

പ്രകാശിന്റെ വാദങ്ങൾ അ‌ംഗീകരിച്ച ​ഹൈക്കോടതി പൂച്ചകൾക്ക് ഭക്ഷണം വാങ്ങുന്നതിനായി പുറത്തുപോകാൻ അ‌നുവദിക്കണമെന്ന് ഉത്തരവിട്ടു. മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും അ‌വകാശങ്ങളുണ്ടെന്നും അ‌വയും സമൂഹത്തിന്റെ ഭാഗമാണെന്ന് മറക്കരുതെന്നും നിരീക്ഷിച്ച കോടതി വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകാത്തതാണ് കുറ്റകരമെന്നും കോടതി വ്യക്തമാക്കി.

മൂന്ന് പൂച്ചകളാണ് പ്രകാശിനുള്ളത്. ഹർജിയുടെ പകർപ്പ് ഉൾപ്പെടെ വെച്ച് വാഹനപാസിന് അ‌പേക്ഷിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.