കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുട്ടനാട്ടിലെ റിസോര്‍ട്ട് ഭൂമി നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാടെടുത്തത്. അതിനിടെ ഹര്‍ജി ഇപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്ന് കോടതി പറഞ്ഞു. ഉച്ചക്ക് 1.45 ന് മുമ്പ് ഇക്കാര്യം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്ന് ചൂണ്ടിക്കാണിച്ച കോടതി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി നിരീക്ഷിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ കോടതിയും ഒന്നും പറയുന്നില്ല. കളക്ടറുടെ റിപ്പോര്‍ട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ. 

ഈ വിഷയത്തില്‍ ഇത്തരമൊരു ഹര്‍ജിയുമായി ആയിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നത്. അതിന് കളക്ടറെ സമീപിച്ച് റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നും എന്നും കോടതി ചൂണ്ടിക്കാണിച്ചു.

തോമസ് ചാണ്ടി എന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വിശദാംശങ്ങള്‍ പറയുന്നതിനിടെ മന്ത്രിയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതാണ് വിനയായത്. വ്യക്തിക്ക് സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാം എന്നാല്‍ മന്ത്രി എന്ന നിലയില്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചാല്‍ അത് നിലനില്‍ക്കില്ല എന്നും കോടതി വ്യക്തമാക്കി. 

മന്ത്രി പൊതുജനങ്ങളുടെ വിചാരണ നേരിടുകയാണ്. മന്ത്രിസ്ഥാനത്ത് തുടരാന്‍ മന്ത്രി കോടതിയെ കൂട്ടുപിടിക്കുകയാണോ എന്നും കോടതി ചോദിച്ചു. 

മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തോമസ് ചാണ്ടി നല്‍കിയതടക്കം വിഷയത്തില്‍ നാല് കേസുകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ചാണ്ടിക്ക് വേണ്ടി ഹാജരാകുന്ന കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തന്‍ഖക്കെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പ് ശക്തമാകുകയാണ്. അദ്ദേഹത്തെ കോടതിയിലേക്ക് വരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.