തിരുവനന്തപുരം/കോഴിക്കോട്/ കൊച്ചി : ശബരിമല കര്‍മ സമിതിയുടെ ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പകല്‍ അരങ്ങേറിയത് സമാനതകളില്ലാത്ത അക്രമം. നെടുമങ്ങാട്ടും തലശേരിയിലും ബോംബേറുണ്ടായി. വാടാനപ്പള്ളിയിലും, കാസര്‍കോടും കത്തിക്കുത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചേവായൂരില്‍ ഒരാള്‍ക്ക് വെട്ടേറ്റു. സെക്രട്ടേറിയറ്റ് നടയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് ആക്രമിച്ചു. 

പലയിടത്തും ബി.ജെ.പിയും കര്‍മസമിതി പ്രവര്‍ത്തകരും നടത്തിയ പ്രകടനങ്ങള്‍ സി.പി.എമ്മുമായുള്ള തെരുവുയുദ്ധമായി പരിണമിച്ചു. പാലക്കാട് രാവിലെ തുടങ്ങിയ സംഘര്‍ഷം തുടരുകയാണ്. ഇരുകൂട്ടരും പരസ്പരം വീടുകള്‍ ആക്രമിച്ചു. വായന ശാല കത്തിച്ചു.  പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

സംഘര്‍ഷങ്ങള്‍ക്കിടെ 100 കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ന്നതായി എം.ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. 3.35 കോടി രൂപ നഷ്ടം കണക്കാക്കുന്നു. പ്രതിഷേധ സൂചകമായി തകര്‍ന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ തലസ്ഥാന നഗരിയില്‍ വിലാപയാത്ര നടത്തി. 

clt
കോഴിക്കോട് കോയന്‍കോ ബസാറിലെ കടകള്‍ അടിച്ചു തകര്‍ത്തവരെ പോലീസ് നീക്കം ചെയ്യുന്നു. -ഫോട്ടോ:  പി.കൃഷ്ണപ്രദീപ്

 

കടകള്‍ തുറന്നാല്‍ സംരക്ഷണം നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ് വാക്കായി. കോഴിക്കോട് മിഠായി തെരുവില്‍ രാവിലെ തുറന്ന കടകള്‍ക്ക് നേരെ നടന്ന ആക്രമണം മണിക്കൂറുകള്‍ നീണ്ട തെരുവുയുദ്ധമായി. ആലുവയിലും കൊല്ലത്തുമടക്കം നിരവധി സ്ഥലങ്ങളില്‍ കടകള്‍ തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊച്ചി ബ്രോഡ് വേയില്‍ പോലീസ് സംരക്ഷണയില്‍ കടകള്‍ തുറന്നു. എന്നാല്‍ തിരുവനന്തപുരം ചാല മാര്‍ക്കറ്റ് പോലീസ് സംരക്ഷണം കിട്ടാത്തതിനേത്തുടര്‍ന്ന് തുറന്നില്ല. 

വിവിധ സംഭവങ്ങളില്‍ സംസ്ഥാനത്ത് 766 പേരാണ് അറസ്റ്റിലായത്. 628 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. 

തിരുവനന്തപുരം നഗരത്തില്‍ പലതവണ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ച മാധ്യമപ്രവര്‍ത്തകര്‍ കോട്ടയത്തും കോഴിക്കോടും പ്രമുഖ നേതാക്കളുടെ പത്രസമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചു.

tvm
തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി മാര്‍ച്ച് തുടങ്ങുന്നതിന് മുമ്പുള്ള പോലീസ് സന്നാഹം. -ഫോട്ടോ: ലക്ഷ്മി കെ.എല്‍.

 

നെടുമങ്ങാട്ട് സ്വകാര്യ ബാങ്ക് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തേത്തുടര്‍ന്ന് ബോംബേറുണ്ടായി. പോലീസ് അറസ്റ്റു ചെയ്തവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചു. സ്റ്റേഷനുമുന്നില്‍ ബിജെപി, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെയാണ് പരസ്പരം ബോംബേറുണ്ടായത്.  എസ്.ഐസുനില്‍ ഗോപിക്ക് പരിക്കേറ്റു. മലയിന്‍കീഴിലും സംഘര്‍ഷമുണ്ടായി. 
നെയ്യാറ്റിന്‍ കരയില്‍ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തെരുവില്‍ ഏറ്റുമുട്ടി. കണിയാപുരത്ത് കര്‍ണ്ണാടക ബസ്സിന് നേരെ കല്ലേറുണ്ടായി.

കൊല്ലത്ത് കടകള്‍ തുറക്കാന്‍ ശ്രമിച്ചത് അക്രമത്തില്‍ കലാശിച്ചു. ചാത്തന്നൂരില്‍ ഏഴ് കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കൊട്ടാരക്കര ഡിപ്പോയില്‍ ആറ് കെഎസ്ആര്‍ടിസി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. പത്തനാപുരത്തും കൊട്ടാരക്കരയിലും തടികളും മറ്റും കുറുകേയിട്ട് തീകത്തിച്ചത് മണിക്കൂറുകള്‍ നീണ്ട ഗതാഗത സംഭനമുണ്ടാക്കി. പടിഞ്ഞാറെ കല്ലടയില്‍ സിപിഎം ഓഫീസ് അക്രമിച്ചു.

പത്തനംതിട്ട അടൂരില്‍ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. റാന്നിയില്‍ ഡിവൈഎഫ്‌ഐ ഓഫീസിന് നേരെ കല്ലേറുണ്ടായി. ഒരു സി.പി.എമ്മുകാരന് പരിക്കേറ്റു. തിരുവല്ല പുല്ലാട്ടും ആക്രമണമുണ്ടായി. 

ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ നടന്ന ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം അരങ്ങേറുമ്പോഴും സന്നിധാനം ശാന്തതയിലായിരുന്നു.  ആന്ധ്ര സ്വദേശിനിയായ യുവതി ദര്‍ശനത്തന് എത്തുന്നുവെന്ന വാര്‍ത്ത പരന്നതോടെ സന്നിധാനത്ത് ആകാംക്ഷ പടര്‍ന്നു. വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ആശങ്കയ്ക്ക് താല്‍ക്കാലിക പരിഹാരമായത്. അതിനിടെ ആന്ധ്രയില്‍ നിന്ന് എത്തിയ യുവതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ തടഞ്ഞു. ദര്‍ശനം നടത്തുന്നില്ലെന്ന് യുവതികള്‍ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. 

qln
ശബരിമല കർമ്മ സമതി ആഹ്വാനം ചെയ്ത  ഹർത്താലിന്റെ ഭാഗമായി തിരക്കൊഴിഞ്ഞ ചിന്നക്കട. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ

 

കോട്ടയം പൊന്‍കുന്നത്ത് കടയടപ്പിക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പാമ്പാടിയില്‍ ബിജെപി സിപിഎം സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. 
ചങ്ങനാശേരിയില്‍ സിഐടിയു ഓഫീസ് അടിച്ചു തകര്‍ത്തു.

എറണാകുളത്ത് പ്രകടനമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സംരക്ഷണം നല്‍കി. തൊണ്ണൂറോളം ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കലൂര്‍മാര്‍ക്കറ്റ് തുറന്നുപ്രവര്‍ത്തിച്ചത് അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ വ്യാപാരികള്‍ ചോദ്യം ചെയ്തു. ബി ജെ പി പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. ആലുവ, കളമശ്ശേരി, കലൂര്‍, കോതമംഗലം, മേഖലകളിലെ പലയിടങ്ങളിലും വ്യാപാരികള്‍ കടകള്‍ തുറന്നു. കടയടപ്പിക്കാനെത്തിയവരുമായുണ്ടായ സംഘര്‍ഷത്തില്‍ ആലുവയില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു ജില്ലയില്‍ 
400 പേര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. 

pkd
പാലക്കാട് അക്രമം നടത്തിയവരെ പോലീസ് വിരട്ടിയോടിക്കുന്നു -ഫോട്ടോ: ഇ.എസ്. അഖില്‍

 

പെരുമ്പാവൂരില്‍ പൊലിസ് ലാത്തിവീശി. ആലങ്ങാട് സി പി എം ഏരിയാകമ്മിറ്റി ഓഫിസിനുനേര്‍ക്ക് കല്ലേറുണ്ടായി. ആലുവയില്‍ ബിജെപി മാര്‍ച്ചിനുനേരെ കൂക്കിവിളിയുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വരാപ്പുഴയില്‍ വാഹനം തടഞ്ഞ അഞ്ച് പേര്‍ അറസ്റ്റിലായി. കാക്കനാട് വാഴക്കാലയില്‍ കാറ്ററിംഗ് സര്‍വീസ് വാഹനത്തിന് കല്ലേറ് നടത്തിയ 23 പേരെ അറസ്റ്റ് ചെയ്തു. കളമശേരിയില്‍ ബി ജെ പി മണ്ഡലം പ്രസിഡന്റടക്കം 10 പേരെ പൊലിസ് അറസ്റ്റുചെയ്തുനീക്കി. അങ്കമാലിയില്‍ സി പി എം ഓഫിസിനുനേര്‍ക്ക് കല്ലേറുണ്ടായി. കോതമംഗലത്ത് കമ്പനിപ്പടിയിലും മലയിന്‍കീഴിലും കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച ഏഴ് ഹര്‍ത്താല്‍ അനുകൂലികളെ കസ്റ്റഡിയിലെടുത്തു.

കോതമംഗലം നെല്ലിക്കുഴിയില്‍ ഹര്‍ത്താലിനെ മറികടന്ന് ഭൂരിഭാഗം കടകളും തുറന്നു പ്രവര്‍ത്തിച്ചു.

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത് വലിയ സംഘര്‍ഷമുണ്ടാക്കി.  ഹോട്ടല്‍ അടപ്പിക്കാന്‍ വന്ന പ്രവര്‍ത്തരുമായാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീജിത്ത്, സുജിത്ത്, രതീഷ് എന്നിവര്‍ക്ക് കുത്തേറ്റു. സിപിഎമ്മിന്റെ വടക്കാഞ്ചേരി ഓഫീസിനു നേരെ ആക്രമണം ഉണ്ടായി.

പാലക്കാട് രാവിലെ തുടങ്ങിയ സംഘര്‍ഷം വൈകിട്ടോടെ വീണ്ടും രൂക്ഷമായി. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രാവിലെ കര്‍മസമിതിയുടെ ചെറു പ്രകടനം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലൂടെ പോയപ്പോള്‍ കല്ലേറുണ്ടായി. വിക്ടോറിയ കോളേജിനു മുന്നില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ കോളേജ് ഹോസ്റ്റലില്‍ നിന്ന് കല്ലേറുണ്ടായി. അവര്‍ ഹോസ്റ്റല്‍ അടിച്ചു തകര്‍ക്കുകയും എസ്.എഫ്.ഐ കൊടിമരം തകര്‍ത്ത് കോളേജ് കവാടത്തിനു മുകളിലെ പതാക മാറ്റി എബിവിപി യുടെ കൊടി സ്ഥാപിക്കുകയും ചെയ്തു. കര്‍മ്മസമിതി പ്രവര്‍ത്തകര്‍  സി.പി.ഐ ഓഫീസ് അടിച്ചു തകര്‍ത്തു.ഡി വൈ എഫ് ഐ , എന്‍ ജി ഓ യൂണിയന്‍ എന്നിവയുടെ ജില്ലാ കമ്മിറ്റി ഓഫിസുകള്‍ക്ക് നേരെയുംകല്ലെറിഞ്ഞു. എസ്പി അടക്കം നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

pkd
പാലക്കാട് പോലീസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിയുന്നു. ഫോട്ടോ: ഇ.എസ്. അഖില്‍

 

ഒറ്റപ്പാലം, തിരുമിറ്റക്കോട് തുടങ്ങിയ സ്ഥലങ്ങളിലും പോലീസും കര്‍മ സമിതിക്കാരും ഏറ്റുമുട്ടി. ഒറ്റപ്പാലത്ത് സി ഐ അടക്കം പതിനഞ്ചു പോലീസുകാര്‍ക്കും പരിക്കേറ്റു. വൈകിട്ടും പാലക്കാട് നഗരത്തില്‍ സംഘര്‍ഷം തുടരുകയാണ്. 

മലപ്പുറം എടപ്പാളില്‍ പ്രകടനമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചുവിട്ടു. പൊന്നാന്നിയില്‍  പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തിരൂര്‍ കാവിലക്കാട്ട് ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കടകള്‍ കത്തിച്ചു.

കോഴിക്കോട് മിഠായി തെരുവില്‍ വ്യാപാരികള്‍ കട തുറന്നതിന് പിന്നാലെ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനം അക്രമാസക്തമായി .പോലീസ് പല വട്ടം ലാത്തി വീശി. കുന്നമംഗലത്ത് പുലര്‍ച്ചെ  ടൂറിസ്റ്റ് ബസിനു നേരെ കല്ലേറ് ഉണ്ടായി. കെ.എസ്.ആര്‍.ടി.സി ബസുകളോ സ്വകാര്യ ബസുകളോ നിരത്തിലിറങ്ങിയില്ല, മുക്കത്തും ബാലുശ്ശേരിയിലും വടകരയിലുമടക്കം പലയിടത്തും ടയര്‍ കൂട്ടിയിട്ട് കത്തിച്ച് റോഡില്‍ ഗതാഗതം തടസപ്പെടുത്തി. 

clt
കോഴിക്കോട് കോയന്‍കോ ബസാറില്‍ കടകള്‍ അടിച്ചു തകര്‍ത്ത ഹര്‍ത്താല്‍ അനുകൂലികള്‍ക്കു നേരെ പോലീസ് ലാത്തി വീശിയപ്പോള്‍. -ഫോട്ടോ:  പി.കൃഷ്ണപ്രദീപ്

 

പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ ഓഫീസിന് നേരെ കല്ലേറുണ്ടായി. കൊയിലാണ്ടിയില്‍ ഏഴ് വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ഒമാനില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മാഹി സ്വദേശി നിസാറിന് പരിക്കേറ്റു. നാദാപുരത്തും പയ്യോളിയിലും കൊയിലാണ്ടിയിലും പൊലീസ് ജീപ്പിന് നേരെ കല്ലേറുണ്ടായി. പയ്യോളിയില്‍ പൊലീസ് ഡ്രൈവര്‍ ഷനൂജിന് പരിക്കേറ്റു, മുക്കത്ത് ലോറിക്ക് നേരെയുണ്ടായ കല്ലേറുണ്ടായി. ഡ്രൈവറേയും ക്ലീനറേയും ഹര്‍ത്താലനുകൂലികള്‍ മര്‍ദ്ദിച്ചു. കിനാലൂരില്‍ സി.പി.എം പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി അക്രമിച്ചു. സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തര്‍കരെ കസ്റ്റഡിയിലെടുത്തു. 

മാവൂര്‍ റോഡില്‍ സംഘര്‍ഷക്കാര്‍ക്കെതിരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

വയനാട് പുല്‍പ്പള്ളിയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച ഹര്‍ത്താനുകൂലികള്‍ക്കു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. ജില്ലയില്‍ 31 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളിയില്‍ രാവിലെ തുറന്നു പ്രവര്‍ത്തിച്ച ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഹര്‍ത്താനുകൂലികള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് വ്യാപാരികളും സംഘടിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് ഹര്‍ത്താലനുകൂലികള്‍ക്കു നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. അമ്പലവയലിലും സുല്‍ത്താന്‍ ബത്തേരിയിലും നേരിയ സംഘര്‍ഷമുണ്ടായി.എന്നാല്‍ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലും മാനന്തവാടിയിലും വ്യാപാരികള്‍ കടകള്‍ തുറന്നു. വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഹര്‍ത്താലിനെതിരെ വായ മൂടി പ്രകടനം നടത്തി

കണ്ണൂരില്‍ രാവിലെ ആറുമണിയോടെ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളും എഎസ്‌ഐയുടെ കാറും തകര്‍ത്തു. റെയില്‍വേ സ്റ്റേഷനു മുന്നിലുള്ള മില്‍മ ബൂത്ത് അടിച്ചുതകര്‍ത്തു. തലശ്ശേരിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ബോംബേറുമുണ്ടായി.

തൊട്ടടുത്തുണ്ടായിരുന്നു ഹോട്ടല്‍ ആക്രമിക്കപ്പെട്ടു. പയ്യന്നൂരില്‍ രണ്ട് കെഎസ് ആര്‍ടിസി ബസ്സുകള്‍ക്കു നേരെ കല്ലേറുണ്ടായി. ഡ്രൈവര്‍ സുരേന്ദ്രന് പരിക്കേറ്റു. തലശേരി കൊളശേരിയില്‍ ബീഡി കമ്പനിക്കുനേരേ ബോംബേറുണ്ടായി. പൊട്ടാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. താളിക്കാവില്‍ രക്തദാനത്തിനു യുവാക്കളുമായി പോയ കാര്‍ അടിച്ചു തകര്‍ത്തു. ഇതേ തുടര്‍ന്ന് ബിജെപി ഓഫിസിനു മുന്നില്‍ സംഘര്‍ഷമുണ്ടായി. പൊലീസെത്തി 12 ബിജെപി പ്രവര്‍ത്തകരെ പിടികൂടി. കണ്ണൂര്‍ കക്കാട് ഹര്‍ത്താല്‍ അനുകൂലികളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രികര്‍  വാഹന സൗകര്യമില്ലാതെ വലഞ്ഞു.

knr
കണ്ണൂർ ബി.ജെ.പി.ഓഫിസിനു സമീപം തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വാഹനം തകർത്ത നിലയിൽ. ഫോട്ടോ: ലതീഷ് പൂവത്തൂർ

 

മയ്യില്‍, ശ്രീകണ്ഠാപുരം, തുടങ്ങിയ മേഖലകളില്‍ ഏതാനും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. നഗരത്തില്‍ കോഫി ഹൗസ് തുറന്നത് ഹര്‍ത്താല്‍ അനുകൂലികളില്‍ പ്രതിഷേധത്തിന് ഇടയാക്കി. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.

കാസര്‍ഗോഡ് അക്രമത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ഗണേഷിന് കുത്തേറ്റു. കാസര്‍കോട് വിനോദസഞ്ചാരികള്‍ക്ക് നേരെയും ആക്രമണം നടന്നു. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. നഗരത്തിലും കാഞ്ഞങ്ങാടും ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് നടന്ന പ്രകടനങ്ങളിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ബി.ജെ.പി പ്രകടനം കടന്നു പോകുന്നതിനിടയില്‍ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തെ കടക്കു നേരെ കല്ലേറ് നടന്നു. അക്രമത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.പിന്നാലെ ചെന്നിക്കരയിലെ സി പി എമ്മിന്റ കൊടിയും,ബാനറുകളും പ്രകടനക്കാര്‍ നശിപ്പിക്കുകയും ചെയ്തു. കാഞ്ഞങ്ങാടും സമാനമായ രീതിയിലായിരുന്നു സംഭവം .നോര്‍ത്ത് കോട്ടച്ചേരിയിലെ കൊടിമരം നശിപ്പിച്ചതോടെ സി പി എം  പ്രവര്‍ത്തകരും പ്രകോപിതരായി. ഇരുവിഭാഗത്തെയും പിരിച്ചുവിടാനായി പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ജില്ലയില്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ ആരംഭിക്കും മുന്‍പ് തന്നെ റോഡ് കല്ലും, മരങ്ങളും ഇട്ട് തടഞ്ഞിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് റോഡിനു കുറകെ ഇട്ട കല്ലില്‍ തട്ടി സ്‌കൂട്ടര്‍ യാത്രക്കാരായവൃദ്ധ ദമ്പതികള്‍ക്ക് പരുക്കേറ്റു. ഹര്‍ത്താലിനെ തുടര്‍ന്ന്‌ െക എസ് ആര്‍ ടി സി ഉള്‍പ്പടെയുള്ള പൊതു ഗതാഗത സംവിധാനം പൂര്‍ണ്ണമായി സ്തംഭിച്ചു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും,ഇരു ചക്രവാഹനങ്ങളും റോഡിലിറങ്ങിയതൊഴിച്ചാല്‍ ജില്ലയിലെ ജനജീവിതത്തെ ഹര്‍ത്താല്‍ കാര്യമായി തന്നെ ബാധിച്ചു.

Content highlights: Kerala hartal turns violent; continues