അന്തസ് കെടുത്തിയാല്‍ പുറത്താക്കുമെന്ന് ഭീഷണി; പരിധിവിട്ട പോരാട്ടം പുതിയതലത്തിലേക്ക്


ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും | ഫോട്ടോ: മാതൃഭൂമി

നുദിനം വഷളായിക്കൊണ്ടിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരുമായുള്ള പോരിലേയ്ക്ക് എണ്ണ കോരി ഒഴിക്കുകയായിരുന്നു സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ടുള്ള പുതിയ ട്വീറ്റിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. സര്‍വകലാശാല വിഷത്തിലടക്കം സര്‍ക്കാരുമായി തുറന്ന പോരിന് തയ്യാറായതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്കെതിരേ കടുത്ത നടപടിയിലേക്ക് നീങ്ങിയേക്കുമെന്ന മുന്നറിയിപ്പ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഏറ്റുമുട്ടല്‍ തുടങ്ങിയിട്ട് കാലമേറെയായി. സര്‍ക്കാര്‍ നടപടികളില്‍ തനിക്കുള്ള നീരസം പലവട്ടം തുറന്ന് പറഞ്ഞിട്ടുമുണ്ട് ഗവര്‍ണര്‍. ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ മടക്കി. പിന്നീട് സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകളില്‍ അത് പരിഹിക്കുകയാണ് പതിവ്. സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും പിന്നീട് മയപ്പെടുകയും ചെയ്യുന്ന ഗവര്‍ണറുടെ ഈ നിലപാടിനെ പ്രതിപക്ഷം പലപ്പോഴും പരിഹസിച്ചിട്ടുമുണ്ട്. എന്തിന് ബി.ജെ.പി പോലും ഒരുഘട്ടത്തില്‍ അവരുടെ വിയോജിപ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.എന്നാല്‍, രാഷ്ട്രീയും ഭരണപരവുമായ വിവിധ വിഷയങ്ങളെച്ചൊല്ലി തമ്മില്‍ കലഹിച്ച ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് പരസ്യമായി പുറത്തുവന്നത് അദ്ദേഹം സര്‍ക്കാരിനെതിരേ പത്രസമ്മേളനം വിളിച്ചതോടെയാണ്. പത്രസമ്മേളനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അവുന്നത് ശ്രമിച്ചെങ്കിലും അനുയനനീക്കങ്ങള്‍ ഒന്നും ഫലംകണ്ടില്ല. ചീഫ് സെക്രട്ടറി വി.പി. ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരിട്ടു കണ്ടെങ്കിലും പിന്മാറാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഇടഞ്ഞു ഗവര്‍ണറുടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നേരെ തുറന്നയുദ്ധപ്രഖ്യാപനമായിരുന്നു രാജ്ഭവനില്‍ അസാധാരണമായി വിളിച്ചുചേര്‍ത്ത ആ പത്രസമ്മേളനം.

കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രിയും ഗവര്‍ണറും

ഒരു ഗവര്‍ണര്‍ മന്ത്രിസഭയ്‌ക്കെതിരേ പത്രസമ്മേളനം വിളിക്കുന്നത് കേരള ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലാ വി.സി. നിയമനത്തില്‍ വഴിവിട്ട നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പത്ര സമ്മേളനത്തില്‍ തുറന്നടിച്ചു. ആരോപണം തെളിയിക്കുന്നതിനായി മുഖ്യമന്ത്രിയുമായി നടത്തിയ കത്തിടപാടുകളും അദ്ദേഹം പുറത്തുവിട്ടു. കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കുനേരെ നടന്നത് ആസൂത്രിത അക്രമമാണെന്ന് ആരോപിച്ച ഗവര്‍ണര്‍, ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് പങ്കുണ്ടെന്ന് ആരോപിച്ചു. കണ്ണൂരിലെ പ്രതിഷേധത്തിനിടെ രാഗേഷ് പോലീസുകാരെ തടഞ്ഞു എന്ന് പറഞ്ഞ് ചില ദൃശ്യങ്ങള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചത്. കൈയൂക്കുകൊണ്ടല്ല കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നതെന്ന് മനസ്സിലാക്കണമെന്നും ചരിത്രം മനസ്സിലാക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാവണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്‍.ഡി.എഫ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ശ്രമിക്കുന്ന നിലവാരത്തിലേക്ക് ഗവര്‍ണര്‍ താഴുകയാണെന്നും അണികളേക്കാള്‍ ആര്‍.എസ്.എസ്. വിധേയത്വമാണ് ഗവര്‍ണര്‍ക്കെന്നുമാണ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കടുത്ത നടപടികളുമായി ഗവര്‍ണര്‍

മുഖ്യമന്ത്രിയും മന്ത്രിമാരും തുടര്‍ ആരോപണങ്ങളുമായി രംഗത്തിറങ്ങിയതോടെ നിലപാട് കടുപ്പിച്ച നിയമസഭ പാസാക്കിയ സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കി. പിന്നാലെ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറെ നിയമിക്കാനായി രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ ഉടന്‍ നിശ്ചയിച്ചുനല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യം കേരള സര്‍വകലാശാല തള്ളിക്കളഞ്ഞു. ഗവര്‍ണര്‍ വിജ്ഞാപനം ചെയ്ത രണ്ടംഗ സെര്‍ച്ച് കമ്മിറ്റി നിയമാനുസൃതമല്ലെന്ന സെനറ്റ് തീരുമാനം ആവര്‍ത്തിച്ചായിരുന്നു സര്‍വകലാശാലയുടെ നടപടി.

എന്നാല്‍, സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിച്ചുനല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കേരള സര്‍വകലാശാല ബഹിഷ്‌കരിച്ചാണ് തോല്‍പ്പിച്ചത്. വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ച സെനറ്റ് യോഗത്തിനിന്ന് ഭരണപക്ഷ പ്രതിനിധികള്‍ വിട്ടുനിന്നു. 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു. പ്രതിപക്ഷാംഗങ്ങളായ 10 പേര്‍ ഹാജരായപ്പോള്‍ പ്രോ-വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേര്‍ പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല. ഗവര്‍ണര്‍ നാമനിര്‍ദേശംചെയ്ത 13 പേര്‍ സെനറ്റിലുണ്ടെങ്കിലും രണ്ടുപേര്‍ മാത്രമേ യോഗത്തിനെത്തിയുള്ളൂ.

ഇതോടെ, തന്റെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ താന്‍ നോമിനേറ്റ് ചെയ്തവരില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോഗ്യരാക്കി. യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ സെനറ്റംഗങ്ങളെ ഗവര്‍ണര്‍ അയോഗ്യരാക്കുന്നതും സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ്. ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍തന്നെ നാമനിര്‍ദേശംചെയ്ത 15 പേര്‍ക്കാണ് ഇതോടെ സെനറ്റംഗത്വം നഷ്ടമായത്. നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അവരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് നടപടി.

ബദല്‍ സാധ്യത തേടി ഗവര്‍ണര്‍

സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുന്നതിന് ക്വാറം തികയാത്ത സാഹചര്യത്തില്‍ ബദല്‍ സാധ്യത തേടുകയാണ് ഗവര്‍ണര്‍. സെനറ്റ് അംഗങ്ങളെ നിയമിക്കുന്നതിന്റെ സാധ്യതയാണ് ഗവര്‍ണര്‍ പരിശോധിക്കുന്നത്. അയോഗ്യരാക്കിയവരില്‍ സ്റ്റാറ്റിയൂട്ടറി അംഗങ്ങള്‍ ഒഴികെയുള്ള 11 അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നത് സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. വൈസ് ചാന്‍സലര്‍ ശുപാര്‍ശ ചെയ്യുന്ന പട്ടികയാണ് സാധാരണ ഗവര്‍ണര്‍ അംഗീകരിച്ച് നാമനിര്‍ദേശം നടത്തുന്നത്. എന്നാല്‍, സര്‍ക്കാരുമായി ആലോചിച്ചുവേണം പ്രതിനിധികളെ നിശ്ചയിക്കാനെന്ന് സര്‍വകലാശാലാ ചട്ടത്തില്‍ പറയുന്നില്ല.

1988-ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ഗവര്‍ണര്‍ രാംദുലാരി സിന്‍ഹ ഇത്തരത്തില്‍ സര്‍വകലാശാലാ ശുപാര്‍ശ മറികടന്ന് നാമനിര്‍ദേശം നടത്തിയിട്ടുണ്ട്. അന്ന് വി.സി. 13 പേരുകള്‍ നല്‍കിയിരുന്നുവെങ്കിലും എട്ടെണ്ണം ഗവര്‍ണര്‍ ഒഴിവാക്കി. ജസ്റ്റിസ് പി. സദാശിവം ഗവര്‍ണറായിരുന്നപ്പോഴും ഇത്തരത്തില്‍ രണ്ടുപേരുകള്‍ അദ്ദേഹം വെട്ടിയിട്ടുണ്ട്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 11 അംഗങ്ങളെ ഗവര്‍ണര്‍തന്നെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്നാണ് കരുതുന്നത്.

പിന്നാലെ പ്രൊഫസര്‍ തസ്തികയില്‍ പത്തുവര്‍ഷം കഴിഞ്ഞ അധ്യാപകരുടെ പട്ടികയും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി സര്‍വകലാശാലകളോടാണ് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി 24-ന് അവസാനിക്കും. ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയെങ്കിലും സര്‍വകലാശാലയുടെ നിസഹകരണം മൂലം നടപടികള്‍ മുന്നോട്ട് പോയിട്ടില്ല. സമയബന്ധിതമായി നിയമനം സാധ്യമാകില്ലെന്ന് കണ്ടാണ് സീനിയറായ പ്രൊഫസര്‍ക്ക് താത്കാലിക ചുമതല നല്‍കാനൊരുങ്ങുന്നത്.

മുന്‍കാലങ്ങളില്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ കൂടിയാലോചിക്കാറുണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്വന്തം നിലയിലായിരിക്കും താത്കാലിക വി.സി.യെ നിയമിക്കുകയെന്നാണ് വിവരം. യു.ജി.സി. നിയമപ്രകാരം വി.സി.യായി നിയമിക്കപ്പെടുന്നതിന് പത്തുവര്‍ഷത്തെ പ്രൊഫസര്‍ സേവനം ആവശ്യമാണ്. വൈസ് ചാന്‍സലറുടെ ഒഴിവു വരുമ്പോള്‍ സാധാരണ തൊട്ടടുത്ത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കാണ് ചുമതല നല്‍കുക. ഇതില്‍നിന്ന് വ്യത്യസ്തമായി അതേ സര്‍വകലാശാലയിലെ മുതിര്‍ന്ന പ്രൊഫസര്‍ക്ക് താത്കാലിക ചുമതല നല്‍കുകയെന്ന ലക്ഷ്യംവെച്ചാണ് പട്ടിക തയ്യാറാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അസാധാരണ സാഹചര്യം

മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പോടെ അസാധാരണ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാക്കാന്‍ ഇത് ഇടയാക്കും. ഗവര്‍ണറുടെ പ്രസ്താവനയ്ക്ക്‌ എതിരേ സിപിഎം രംഗത്ത് വന്നു കഴിഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയാല്‍ ഗവര്‍ണറുടെ അടുത്ത നടപടി എന്തായിരിക്കും എന്ന ചോദ്യം നില്‍ക്കുന്നു. ഇക്കാര്യത്തില്‍ മുഖഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും കടുത്ത പ്രതികരണങ്ങള്‍ക്ക് സാധ്യതയുണ്ട്.

എന്നാല്‍ മന്ത്രിമാരെ മാറ്റാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നാണ് ഇക്കാര്യത്തില്‍ വിദഗ്ദ്ധാഭിപ്രായം. ഒരു എംഎല്‍എയെ മന്ത്രിയാക്കുന്നത് സാങ്കേതികമായി ഗവര്‍ണറാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണ് അത് ചെയ്യുന്നതെന്നും ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി പറഞ്ഞു. അതുപോലെ ഒരു മന്ത്രിയെ മാറ്റണമെങ്കിലും അത് മുഖ്യമന്ത്രി പറയണം. അങ്ങനെയാണ് നമ്മുടെ ഭരണ വിഭാവനം ചെയ്തിരിക്കുന്നതെന്നും ഗവര്‍ണര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ആളാണെന്നുംഅദ്ദേഹം പറഞ്ഞു.

Content Highlights: Kerala Govt vs Governor, Pinarayi Vijayan and Arif Mohammad Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented