Image: Mathrubhumi
കൊച്ചി: സിനിമകള്‍ക്കായി തുറക്കുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോമിന്റെ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട്. സ്വകാര്യ പ്ലാറ്റ്ഫോം വാടകയ്ക്കെടുത്ത് ആദ്യത്തെ രണ്ടുവര്‍ഷം പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ടെന്‍ഡറില്‍ കേരളത്തിനുപുറത്തുനിന്നടക്കം എട്ടുകമ്പനികളുടെ അപേക്ഷ ലഭിച്ചു. ഇവയുടെ ഗുണനിലവാരപരിശോധന തിങ്കളാഴ്ച നടക്കും. കെ.എസ്.എഫ്.ഡി.സി. രൂപവത്കരിച്ച പ്രത്യേക സാങ്കേതികവിദ്ഗ്ധസമിതിയാണ് പരിശോധന നടത്തുന്നത്.
തിരഞ്ഞെടുക്കുന്ന കമ്പനികള്‍ രണ്ടാഴ്ചയ്ക്കകം അവരുടെ സാമ്പത്തികകാര്യങ്ങളും ചെയ്യാനുദ്ദേശിക്കുന്ന പ്ലാറ്റ്ഫോമിന്റെ സാങ്കേതികമികവും സമിതിയെ ബോധ്യപ്പെടുത്തണം. അതുകൂടി പരിശോധിച്ചശേഷം മാര്‍ച്ച് പകുതിയോടെ ഒരു കമ്പനിയെ പ്ലാറ്റ്ഫോം രൂപവത്കരണത്തിനായി തിരഞ്ഞെടുക്കും.
സ്വകാര്യ പ്ലാറ്റ്ഫോം വാടകയ്ക്കെടുത്ത് പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷത്തിനകം കെ.എസ്.എഫ്.ഡി.സി.യുടെ സ്വന്തം ഒ.ടി.ടി. പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിര്‍മാതാക്കളില്‍നിന്ന് സിനിമകള്‍ വിലകൊടുത്തുവാങ്ങുന്ന നിലവിലെ രീതിക്കുപകരം പ്രദര്‍ശനത്തിന്റെ വരുമാനം നിശ്ചിതശതമാനം കണക്കാക്കി പങ്കുവെക്കുന്ന രീതിയാകും സര്‍ക്കാര്‍ ഒ.ടി.ടി.യില്‍ ഉണ്ടാകുന്നത്.
സര്‍ക്കാര്‍ ഒ.ടി.ടി. ഗുണകരമാകും
തിയേറ്ററുകള്‍ക്കു സമാന്തരമായിട്ടല്ല സര്‍ക്കാര്‍ ഒ.ടി.ടി. എന്ന തീരുമാനത്തിലേക്കുവന്നത്. തിയേറ്ററുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ചിത്രാഞ്ജലി പാക്കേജ് ചിത്രങ്ങളും അവാര്‍ഡ് ചിത്രങ്ങളുമൊക്കെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ പുതിയ പ്ലാറ്റ്ഫോമിലൂടെ കഴിയും. തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ നിശ്ചിതസമയം കഴിഞ്ഞ് ഒ.ടി.ടി.യില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. -എന്‍. മായ, കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടര്‍
Content Highlights: Kerala govt. to have its own OTT platform
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..