ഇരിപ്പിടം അവകാശത്തിനുള്ള നിയമഭേദഗതി പ്രാബല്യത്തില്‍


മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം.

തിരുവനന്തപുരം: സ്ത്രീ തൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാനഭേദഗതികള്‍ നിലവില്‍ വന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചു. 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ തൊഴിലാളികള്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്താനുള്ള ബില്ലിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളിക്ഷേമനടപടികളിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നിയമഭേദഗതികള്‍ നിലവില്‍ വന്നിരിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. നിയമഭേദഗതികള്‍ ഉടന്‍ നടപ്പാക്കുന്നതിന് തൊഴിലുടമകളോടും ഇതനുസരിച്ചുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴിലാളികളോടും മന്ത്രി അഭ്യര്‍ഥിച്ചു. നിയമഭേദഗതികള്‍ പ്രാവര്‍ത്തികമാക്കാന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റാറന്റുകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് ചരിത്രം കുറിച്ച നിയമഭേദഗതിയിലൂടെ അംഗീകരിക്കപ്പെട്ടത്. സ്ത്രീകള്‍ക്ക് അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് ജോലിചെയ്യാന്‍ കഴിയുന്ന തൊഴിലിടങ്ങള്‍ സൃഷ്ടിക്കുമെന്നും തൊഴിലിടങ്ങളില്‍ ലിംഗസമത്വം നടപ്പാക്കുമെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴില്‍നയത്തില്‍ പ്രഖ്യാപിച്ചിരുന്നു. അതിരാവിലെ മുതല്‍ വൈകീട്ട് ജോലി കഴിയുന്നതുവരെ അഞ്ചുമിനുട്ട് പോലും ഇരിക്കാന്‍ സ്ത്രീതൊഴിലാളികള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. അതികഠിനമായ തൊഴില്‍സാഹചര്യമാണ് അവര്‍ നേരിടുന്നത്. ജോലിക്കിടയില്‍ ഇരിക്കാനും വിശ്രമിക്കാനുമുള്ള അവസരത്തിനായി വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീതൊഴിലാളികള്‍ സമരരംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റാന്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു. അപ്രന്റീസുകള്‍ ഉള്‍പ്പെടെ ഏത് സ്ഥാപനത്തിലും ജോലിചെയ്യുന്ന എല്ലാ വിഭാഗം തൊഴിലാളികളെയും ഗസറ്റ് വിജ്ഞാപനം വഴി തൊഴിലാളി എന്ന നിര്‍വചനത്തിന്‍െ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി തൊഴിലാളി എന്ന പദത്തിന്റെ നിര്‍വചനം വിപുലപ്പെടുത്തും.

നിയമലംഘനങ്ങള്‍ക്കുള്ള പിഴ നിയമഭേദഗതിയിലൂടെ വര്‍ധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി. സ്ഥാപനത്തില്‍ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരുതൊഴിലാളിക്ക് 2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമപ്രകാരം സ്ഥാപന ഉടമകള്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ ഉടമകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തെ തൊഴില്‍സൗഹൃദവും നിക്ഷേപസൗഹൃദവുമായ സംസ്ഥാനമാക്കി മാറ്റാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തിവരികയാണ്. തൊഴിലാളിക്ഷേമനടപടികളിലൂടെ കേരളത്തില്‍ പുതിയ തൊഴില്‍സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു. തൊഴിലാളികളുടെ സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതിലും തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കുന്നതിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അഭിമാനകരമായ നേട്ടങ്ങളാണ് സംസ്ഥാനം കൈവരിച്ചത്.

1960ലെ കേരള ഷോപ്പ്സ് ആന്റ്് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിന്റെ പരിധിയില്‍ മൂന്നരലക്ഷം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികള്‍ നിയമത്തിന്റെ പരിധിയില്‍ വരും.

കേരള ഷോപ്സ് ആന്റ്് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിന്റെ പരിധിയില്‍വരുന്ന തൊഴിലാളികളുടെയും സ്വന്തമായി തൊഴില്‍ ചെയ്യുന്നവരുടെയും ക്ഷേമവും അഭിവൃദ്ധിയും ലക്ഷ്യമാക്കി 2007ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള ഷോപ്പ്സ് ആന്റ്് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളിക്ഷേമനിധി രൂപീകരിച്ചിരുന്നു. പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ക്കു പുറമെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ പ്രോത്സാഹനസമ്മാനങ്ങളും ക്ഷേമനിധി ബോര്‍ഡ് നല്‍കുന്നുണ്ട്. 7,04,395 തൊഴിലാളികള്‍ക്കാണ് നിലവില്‍ കേരള ഷോപ്പ്സ് ആന്റ്് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented