നികുതിവർധന ജനത്തെ വലയ്ക്കും, ഉപഭോഗം കുറയ്ക്കും; പ്രതീക്ഷിച്ച വരുമാനനേട്ടം ഉണ്ടാക്കില്ലെന്ന് വിദഗ്ധർ


By വിഷ്ണു കോട്ടാങ്ങല്‍ 

4 min read
Read later
Print
Share

ധനമന്ത്രി കെ.എൻ. ബാലഗോപാൽ | Photo: PTI

തിരുവനന്തപുരം: ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയതിനൊപ്പം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും മറ്റു നികുതി, ഫീസ് വര്‍ധനകളും പ്രാബല്യത്തിലായി. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വീതം കൂടി. ഭൂമി ന്യായവില 20% വര്‍ധിച്ചു. 500 മുതല്‍ 999 രൂപ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 20 രൂപയും 1000 രൂപയിലേറെ വിലയുള്ളതിന് 40 രൂപയും സാമൂഹിക സുരക്ഷാ സെസ് പ്രാബല്യത്തിലായി.

കെട്ടിട നികുതിയും ഉപനികുതികളും അഞ്ച് ശതമാനം വര്‍ധിച്ചു. കാറുകളടക്കം സ്വകാര്യ വാഹനങ്ങള്‍ക്കുള്ള ഒറ്റത്തവണ നികുതി ഒന്നുമുതല്‍ രണ്ട് ശതമാനം കൂടി. ഫലത്തില്‍ ജനത്തെ നേരിട്ട് ബാധിക്കുന്ന, എല്ലാ മേഖലകളിലും വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങളാണ് പ്രാബല്യത്തിലായത്. ഇതിനെല്ലാം കാരണമായി സംസ്ഥാന ധനമന്ത്രി കുറ്റപ്പെടുത്തുന്നത് കേന്ദ്രനയങ്ങളെയാണ് താനും.

നിലവിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന് മറികടക്കേണ്ടതുണ്ട്. കടമെടുപ്പിന്റെ പരിധി വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഖജനാവ് കാലിയാക്കുന്ന പ്രശ്നങ്ങളാണ്. പണമില്ലാതെ ഖജനാവ് പൂട്ടേണ്ട സാഹചര്യമൊഴിവാക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ പയറ്റിയത്. ഇതിനൊപ്പം നികുതി വര്‍ധനവ് പ്രാബല്യത്തിലായതോടെ അതെങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. പുതിയ വര്‍ധനവ് സാധാരണക്കാരെ ബാധിക്കുമെങ്കിലും സര്‍ക്കാര്‍ ഉദ്ദേശിച്ച വരുമാന വര്‍ധനവ് ഉണ്ടാക്കില്ലെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

സാധാരണക്കാരുടെ ചെലവഴിക്കല്‍ കുറയുന്നതിനാകും നികുതിവര്‍ധനവ് ഇടയാക്കുകയെന്ന് സാമ്പത്തിക വിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. മരുന്നുകള്‍ക്ക് അടക്കം വിലവര്‍ധിക്കുന്ന സാഹചര്യമൊരുങ്ങുന്നതോടെ അവശ്യ മരുന്നുകള്‍ക്ക് വാങ്ങുന്നതിനായി ഭക്ഷണത്തിന് വേണ്ടി ചിലവഴിക്കുന്ന തുക കുറയ്ക്കാന്‍ സാധാരണക്കാരായ ആളുകള്‍ നിര്‍ബന്ധിതരാകും. വരുമാനം വര്‍ധിക്കാതിരിക്കുന്ന സാധാരണക്കാര്‍ ചെലവ് വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ ഉപഭോഗം കുറയ്ക്കാനാണ് ശ്രമിക്കുക. ഇതോടെ സര്‍ക്കാരിന് തന്നെ ദോഷമുണ്ടാകുന്ന രീതിയില്‍ നികുതി വരുമാനം കുറയുകയാണ് ഉണ്ടാവുകയെന്ന് ജോസ് സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ ചെലവിന് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കാന്‍ കഴിയാതെ വരികയും അതിന്റെ ഭാരം സാധാരണക്കാരിലേക്ക് എത്തുകയുമാണ് ഇവിടെ സംഭവിക്കുന്നത്. വരുമാനം മുഴുവന്‍ ശമ്പളവും പെന്‍ഷനുമായി ഉപയോഗിക്കേണ്ടിവരുമ്പോഴും അതിനായി സാധാരണക്കാരാണ് നികുതിയൊടുക്കേണ്ടിവരുന്നത്. പൊതുവെയുള്ള സാമ്പത്തിക പ്രതിസന്ധി വിപണിയെ കൂടുതല്‍ ബാധിക്കും. അത് പതിയെ അനുഭവപ്പെടാനിരിക്കുന്നതേയുള്ളു. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ നിരവധി വിദേശ കമ്പനികളിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയാണ്. കേരളത്തിലും അതിന്റെ ആഘാതമുണ്ടാകും. സാധാരണക്കാര്‍ക്ക് കിട്ടേണ്ട ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പലപ്പോഴും മുടങ്ങുന്നു.

വിപണിയില്‍ നിന്ന് വരുമാനം കുറയുകയും കിട്ടുന്ന വരുമാനത്തില്‍ നിന്ന് വലിയൊരുഭാഗം സര്‍ക്കാര്‍ കൊണ്ടുപോവുകയും ചെയ്യുന്ന അവസ്ഥയാണുണ്ടാകുക. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കുന്നതിന് വേണ്ടി ട്രഷറിയില്‍ കടുത്ത നിയന്ത്രണങ്ങളാണ്. സത്യത്തില്‍ സര്‍ക്കാര്‍ ഖജനാവിന്‍റെ സ്ഥിതിതന്നെ എണ്ണിച്ചുട്ട അപ്പം പോലെ പരിമിതമാണ്. അതുകൊണ്ടാണ് ബില്ലുകള്‍ പാസാക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ലീവ് സറണ്ടറിനുമേല്‍ കൊണ്ടുവന്ന നിയന്ത്രണവും അതിന്റെ ഭാഗമാണ്. ഈ നിയന്ത്രണങ്ങള്‍ക്ക് സമീപ ഭാവിയില്‍ തന്നെ വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ട്രഷറി നിയന്ത്രണങ്ങള്‍ മൂലം സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാവി പ്രതിസന്ധിയിലാണ്. ബില്ലുകള്‍ മാറിക്കിട്ടാത്തത് കരാറുകാരെ പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ പ്രതിസന്ധി കടുത്തതാക്കിയത് ശമ്പള, പെന്‍ഷന്‍ വര്‍ധനവാണെന്ന് സാമ്പത്തിക വിദഗ്ധനായ ബി.എ പ്രകാശ് ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം സര്‍ക്കാരിന് 25,000 കോടിയിലധികം രൂപ അധിക ബാധ്യതതുണ്ടായി. എന്തൊക്കെ ഇടപെടല്‍ നടത്തിയാലും അടുത്ത അഞ്ച് വര്‍ഷത്തേക്ക് വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരിമിതപ്പെടുത്തുന്ന വലിയ ബാധ്യതയാണ് ഇതുമൂലമുണ്ടായത്.

വിലക്കയറ്റത്തിന്റെ തോത് കൂട്ടുമെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപ വര്‍ധിപ്പിച്ചതിലൂടെ വര്‍ഷം 1,100 കോടിരൂപ അധികമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 540 കോടി ലിറ്റര്‍ പെട്രോളും ഡീസലുമാണ് ഒരുവര്‍ഷം കേരളത്തില്‍ വില്‍ക്കുന്നതെന്നാണ് കണക്ക്. ഈയൊരു കണക്കുകൂട്ടലിലാണ് 1,100 കോടി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചത്, സ്റ്റാമ്പ് ഡ്യൂട്ടി, വൈദ്യുതി തീരുവ, മറ്റ് സര്‍വീസ് ചാര്‍ജുകള്‍, മദ്യത്തിന് ചുമത്തിയ അധിക സെസ് തുടങ്ങിയവയിലൂടെ മറ്റൊരു 2,000 കോടിയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നതാണ് യാഥാര്‍ഥ്യം. വര്‍ഷം 25,000 കോടിയുടെ ശമ്പള പെന്‍ഷന്‍ ബാധ്യത അധികമായി വന്നതും നികുതികള്‍ വര്‍ധിപ്പിച്ചതിലൂടെ കിട്ടുന്ന അധിക തുകയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്.

എന്നാല്‍ നികുതി, നികുതിയേതര വരുമാനം വര്‍ധിപ്പിക്കുക, ആഭ്യന്തര കടമെടുപ്പ് വര്‍ധിപ്പിക്കുക തുടങ്ങിയവയിലൂടെ പിടിച്ചുനല്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന് പുറമെ ജിഎസ്ഡിപിയുടെ 3.5 ശതമാനം പൊതുവായ്പയായി ലഭിക്കും. 10 ലക്ഷം കോടിയാണ് ജിഎസ്ഡിപി. അതുപ്രകാരം കേരളത്തിന് 38,000 കോടി പൊതുവായ്പ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ വര്‍ഷം റവന്യു ഡെഫിസിറ്റ് ഗ്രാന്‍ഡായി 9,500 കോടി സംസ്ഥാനം പ്രതീക്ഷിക്കുന്നു. നികുതി പിരിവില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളതിനാല്‍ കേന്ദ്ര നികുതി വിഹിതത്തിലും ഇത്തവണ ചെറിയ വര്‍ധനവുണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ജിഎസ്ടി പുനഃസംഘടിപ്പിച്ചതിലൂടെ നികുതി ചോര്‍ച്ച കുറയുമെന്നും അത് നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടാക്കുമെന്നുമാണ് ധനവകുപ്പ് കരുതുന്നത്. ഇത്തരം പ്രതീക്ഷകളുടെ പുറത്താണ് സർക്കാർ ഈ വര്‍ഷം പിടിച്ചുനില്‍ക്കാൻ ശ്രമിക്കുന്നത്.

ജനങ്ങളുടെ ഉപഭോഗം കുറയും- ജോസ് സെബാസ്റ്റിയന്‍, സാമ്പത്തിക വിദഗ്ധന്‍

സര്‍ക്കാരിന്റെ നടപടിമൂലം ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകും. ഏറ്റവും അടിസ്ഥാന കാര്യങ്ങള്‍ക്ക് വിലവര്‍ധിക്കുകയും എന്നാല്‍, അതിനനുസരിച്ച് വരുമാനം വര്‍ധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉപഭോഗം വലിയതോതില്‍ കുറവ് വരുത്താന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും. അതുകൊണ്ട് സര്‍ക്കാര്‍ വിചാരിക്കുന്ന തരത്തില്‍ വരുമാനമുണ്ടാകണമെന്നില്ല. ക്ഷേമ പെന്‍ഷനുകളിൽ അടക്കം കാര്യമായ വര്‍ധനയില്ല. എന്നാല്‍, സാധാരണക്കാര്‍ക്ക് ചെലവ് വര്‍ധിക്കുകയും ചെയ്യുന്നു. നികുതിയിലൂടെ സാധാരണക്കാര്‍ ഒടുക്കുന്ന പണം മുഴുവന്‍ പോകുന്നത് ശമ്പള- പെന്‍ഷന്‍ വിനിയോഗത്തിലേക്കാണ് എന്നുള്ളതാണ് യാഥാര്‍ഥ്യം. ജനങ്ങള്‍ ഉപഭോഗം കുറയ്ക്കുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങളെയാണ് കൂടുതല്‍ ബാധിക്കുക. ഇതൊരു ചെയിന്‍ റിയാക്ഷനാണ്.

പ്രതിസന്ധിക്കു കാരണം ശമ്പള- പെന്‍ഷന്‍ വര്‍ധന- ബി.എ പ്രകാശ്, സാമ്പത്തിക വിദഗ്ധന്‍

പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത് ശമ്പള- പെന്‍ഷന്‍ വര്‍ധനവാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് വികസനപ്രവര്‍ത്തനങ്ങളില്‍ ഇതിന്റെ പ്രഭാവമുണ്ടാകും. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് വികസനം ഇല്ലാതാക്കിയ നടപടിയായിരുന്നു അത്. സാമ്പത്തിക സാക്ഷരതയുള്ള ആരും ചെയ്യുന്ന പണിയല്ല ഇതൊക്കെ. കോവിഡ് വന്ന് സര്‍വരും തകര്‍ന്ന് നിന്ന സമയത്താണ് ഈയൊരു ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കിയത്. 6000 കോടി മാത്രമായിരിക്കും അധിക സാമ്പത്തിക ബാധ്യതയെന്നാണ് കമ്മീഷന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പരിഷ്‌കരണം നടപ്പിലാക്കിയതിന് ശേഷം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ബാധ്യത കുത്തനെ ഉയര്‍ന്നു. 48000 കോടി ആയിരുന്നു പരിഷ്‌കരണത്തിന് മുമ്പുണ്ടായിരുന്ന ബാധ്യതയെങ്കില്‍ അതിപ്പോള്‍ 72000 കോടിയായി വര്‍ധിച്ചുവെന്നാണ് സിഎജി പറയുന്നത്. അതായത്, 25000 കോടിയാണ് അധികമായുണ്ടായത്. 1999-2000 വര്‍ഷത്തില്‍ കടുത്ത ധനപ്രതിസന്ധി നേരിട്ടിരുന്നു. അതിനേക്കാള്‍ മോശം സ്ഥിതിയിലാണ് നമ്മളിന്ന് എത്തിനില്‍ക്കുന്നത്.

Content Highlights: Kerala govt imposes social security cess and other taxes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi

3 min

മത ചടങ്ങാക്കി മാറ്റി;ഇന്ന് പാര്‍ലമെന്റില്‍ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തികള്‍- മുഖ്യമന്ത്രി

May 28, 2023


mb rajesh, modi

4 min

'ഫാസിസത്തിന്റെ അധികാരദണ്ഡ് പതിച്ചു, ജനാധിപത്യത്തിന്റെ (അ)മൃതകാലത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു'

May 28, 2023


wife swapping

1 min

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു

May 29, 2023

Most Commented