തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യാഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍ഡ് ആയാണ് നിയമനം.

ജസീലയ്ക്കായി പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് നിയമനം നല്‍കുന്നത്. ഇതു സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

2019 ഓഗസ്റ്റ് മൂന്നിന് രാത്രി 12.55ന് ആണ് ശ്രീറാം സഞ്ചരിച്ച വാഹനം ഇടിച്ച് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാര്‍ ബിഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. മദ്യപിച്ച് അമിതവേഗത്തില്‍ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Kerala govt gives job to wife of journalist KM Basheer, killed in car accident