
തിരുവനന്തപുരം: തടവുപുള്ളികൾക്ക് ശിക്ഷയിളവ് മന്ത്രിസഭയുടെ ശുപാർശമാത്രം അടിസ്ഥാനമാക്കി നൽകുന്നതിനോട് വിയോജിച്ച് രാജ്ഭവൻ. ഇളവുനൽകുന്ന കാര്യം പരിഗണിക്കുന്നതിന് 12 ഇന മാർഗരേഖ രാജ്ഭവൻ തയ്യാറാക്കി. ശിക്ഷയിളവിനായി സർക്കാർ നൽകിയ അഞ്ചുപേരുടെ ഫയലുകളും രാജ്ഭവൻ തിരിച്ചയക്കുകയും ചെയ്തു. കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മോചനഫയലും ഇതിൽപ്പെടും. രാജ്ഭവൻ നിർദേശിച്ച മാതൃകയിൽ ഇവരുടെ ശുപാർശ വീണ്ടും സർക്കാർ നൽകേണ്ടിവരും.
ശിക്ഷയിളവുനൽകേണ്ട പ്രതി ചെയ്തകുറ്റം, ലഭിച്ച ശിക്ഷ, ശിക്ഷാകാലയളവിൽ എത്രവട്ടം പരോൾ ലഭിച്ചെന്നതിന്റെ വിശദാംശങ്ങൾ, ജയിലിലെ പെരുമാറ്റവുംമറ്റും പരിശോധിച്ച ജയിൽ ഉപദേശകസമിതിയുടെ റിപ്പോർട്ട്, മോചനം ലഭിച്ച് പ്രതി പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യത്തിലേർപ്പെടാനുള്ള സാധ്യത പരിശോധിക്കുന്ന സാമൂഹികാഘാത റിപ്പോർട്ട് എന്നിവയുടെയൊക്കെ സംക്ഷിപ്തം ചാർട്ടായി നൽകണം. പ്രതിക്ക് മുൻവൈരാഗ്യമുള്ളവർ നാട്ടിലുണ്ടെങ്കിൽ അവർ നേരിേട്ടക്കാവുന്ന ഭീഷണി സംബന്ധിച്ചുള്ള വിവരങ്ങളും കണക്കിലെടുക്കും.
സാധാരണനിലയിൽ മന്ത്രിസഭാതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ ശിക്ഷയിളവിനുള്ള ശുപാർശ അംഗീകരിക്കുകയാണ് പതിവ്. എന്നാൽ, ജയിലിൽ കുറ്റകൃത്യം ചെയ്തവർക്കുവരെ ഇളവിനായി ശുപാർശചെയ്ത സംഭവമുണ്ടായി. ചിലർക്ക് കൂടുതൽതവണയും കൂടുതൽ ദിവസങ്ങളും പരോൾ ലഭിക്കുന്നുമുണ്ട്.
കാരണവർ വധക്കേസിൽ കൂടുതൽ പരോൾ ആനുകൂല്യം ലഭിച്ച ഷെറിന് ശിക്ഷയിളവിനായി മന്ത്രിസഭ ശുപാർശ ചെയ്തപ്പോൾ അവരെക്കാൾ കൂടുതൽക്കാലം ജയിൽശിക്ഷയനുഭവിച്ചവർക്ക് സമാന ആനുകൂല്യം ലഭിച്ചില്ല. രാഷ്ട്രീയപരിഗണനയുടെപേരിലും ശിക്ഷയിളവ് ശുപാർശചെയ്യാറുണ്ട്. ഇത്തരം വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കാനാണ് മാർഗരേഖയ്ക്ക് രാജ്ഭവൻ രൂപംനൽകിയത്.
Content Highlights: Kerala Raj Bhavan rejects cabinet`s recommendation for prisoner remission
Published: 14 May 2025, 07:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented