തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടാണ് രാജ്ഭവന്‍ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച വരെ സര്‍ക്കാരിന് ഇതുസംബന്ധിച്ച കത്ത് ലഭിച്ചിരുന്നില്ല. 

എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും സർക്കാരിനോട് വിശദീകരണം ചോദിച്ചുള്ള കത്തില്‍ പറയുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍നിന്ന് ആരും രാജ്ഭവന് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് ഇത് അറിയിക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചിക്കുന്നു. ഏറ്റവും വേഗത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

അതിനിടെ, സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്നായിരുന്നു മന്ത്രി എ.കെ.ബാലന്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 

Content Highlights: kerala governor arif mohammed khan seeks explanation from kerala government on caa sc petition