തിരുവനന്തപുരം: സംസ്ഥാന നിയമസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പാസാക്കിയ പ്രമേയത്തിന് പ്രസക്തിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ലെന്നും പുതിയ നിയമം കേരളത്തെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശമനുസരിച്ചാകാം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൂര്‍ണമായ അധികാരം കേന്ദ്രസര്‍ക്കാരിനാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു സ്ഥാനവുമില്ല. 

പുതിയ നിയമം കേരളത്തെ ഒരുവിധത്തിലും ബാധിക്കില്ല. കാരണം, കേരളത്തില്‍ അനധികൃത കുടിയേറ്റക്കാരില്ല. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നതിനും പരാതി പറയുന്നതിലും പ്രശ്‌നമില്ല. എന്നാല്‍ കേരളത്തെ ബാധിക്കാത്ത വിഷയങ്ങളില്‍ ഇത്തരം പ്രതികരണം നടത്തുന്നത് സമയനഷ്ടമുണ്ടാക്കും- ഗവര്‍ണര്‍ വിശദീകരിച്ചു. 

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. കേന്ദ്രവുമായി സഹകരിക്കരുത്, വിവരങ്ങള്‍ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ചരിത്ര കോണ്‍ഗ്രസില്‍ ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: kerala governor arif mohammed khan against kerala assembly resolution on caa