തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ഗവര്‍ണറെ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ഥ അധികാരകേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റ് ഒരിക്കലും പ്രധാനമന്ത്രിക്ക് മുകളില്‍ വരാറില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓര്‍ക്കേണ്ടതാണ്. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് അധികാരകേന്ദ്രം. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാല്‍ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. 

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ നിയമലംഘനമുണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലനും നേരത്തെ പ്രതികരിച്ചിരുന്നു. ഗവര്‍ണറുടെ അധികാരത്തെ ചോദ്യംചെയ്യുന്ന ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

Content Highlights: kerala government vs kerala governor; speaker p sreeramakrishnan comment against governor