പാലക്കാട്: പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലവിലെ തര്‍ക്കങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചയാകാമെന്നും എന്നാല്‍ കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നതാണ് നിയമമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

പലകാര്യങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാവാം. ജനാധിപത്യത്തില്‍ അത് സ്വാഭാവികമാണ്. എന്നാല്‍ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ തയ്യാറാകണം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയുമായി മാത്രമല്ല, ആരുമായും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഭരണടഘടനയും നിയമങ്ങളും സംരക്ഷിക്കലാണ് തന്റെ കടമ. അത് നിര്‍വഹിക്കും. രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കല്‍ തന്റെ കടമയാണ്. ജനാധിപത്യത്തില്‍ എല്ലാം പരസ്പരം സംസാരിച്ച് പരിഹരിക്കണം. ഒരു വീട്ടില്‍ സഹോദരനും സഹോദരിയുമുണ്ടെങ്കില്‍ അവര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകും. അതെല്ലാം സംസാരിച്ച് പരിഹരിക്കാം. രാജ്ഭവന് മുന്നില്‍ പ്രതിഷേധവുമായെത്തിയവരെ താന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. അവരാരും വന്നില്ല- അദ്ദേഹം പറഞ്ഞു.

താന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയല്ലെന്നും രാഷ്ട്രപതിയുടെ പ്രതിനിധിയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുന്നുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണം.  പലവിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്ത് തര്‍ക്കങ്ങളുണ്ടായാലും ഭരണഘടനയുടെ നിയമങ്ങളനുസരിച്ച് നീങ്ങണം. ഭരണഘടനയിലെ നിയമങ്ങള്‍ പാലിക്കാതിരിക്കുമ്പോഴാണ് തര്‍ക്കങ്ങളുണ്ടാകുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രത്തിന്റെ പരിധിയില്‍വരുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

Content Highlights: kerala government vs kerala governor on caa; governor says he is ready to discuss the issue