കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പാര്‍ട്ടി സെക്രട്ടറി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. 

അന്തരിച്ച സിപിഎം നേതാവ് ഇ.ബാലാനന്ദനെ അനുസ്മരിച്ചുള്ള ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

''കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതിനെതിരായ ജനകീയ പ്രതിഷേധം വളര്‍ത്താന്‍ ഇ ബാലാനന്ദന്‍ സ്മരണ കരുത്ത് പകരും'' - കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറഞ്ഞു. 

കഴിഞ്ഞദിവസം പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗത്തിലും ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പദവിയുടെ വലിപ്പം തിരിച്ചറിയാതെ ഗവര്‍ണര്‍ രാഷ്ട്രീയപ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു മുഖപ്രസംഗത്തിലെ ആരോപണം. 

Content Highlights: kerala government vs kerala governor; cpm state secretary kodiyeri balakrishnan criticizes governor in his article in deshabhimani