തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍. സംസ്ഥാനത്തിന്റെ നടപടിയില്‍ നിയമലംഘനമുണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറുടെ സമ്മതം വേണമെന്ന് ഭരണഘടനയില്‍ ഇല്ല. ഗവര്‍ണറെ അറിയിക്കണമെന്നും ചട്ടമില്ല. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലുണ്ടാവുന്ന പ്രശ്‌നമാണെങ്കില്‍ ഗവര്‍ണറെ അറിയിക്കണം. എന്നാല്‍ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ലെന്നും എ.കെ.ബാലന്‍ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് 131-ാം അനുച്ഛേദം അനുസരിച്ചാണ് സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തത്. കേന്ദ്രവുമായി ഏറ്റുമുട്ടുന്ന വിഷയമാണെങ്കില്‍ ഗവര്‍ണറെ അറിയിക്കണം. എന്നാല്‍ അതിലും ഗവര്‍ണറുടെ സമ്മതം വേണമെന്നില്ല.

ഗവര്‍ണറുടെ അധികാരത്തെ ചോദ്യംചെയ്യുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഗവര്‍ണര്‍ക്ക് മറുപടി നല്‍കും. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെങ്കില്‍ അത് പറയാന്‍ കോടതിക്ക് അവസരമുണ്ടല്ലോ എന്നും സ്യൂട്ട് തള്ളാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഗവര്‍ണറെ അപമാനിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് അങ്ങനെ തോന്നുന്നതില്‍ വിഷമമുണ്ടെന്നും ഗവര്‍ണറുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് ചുമതലയുണ്ടെന്നും മന്ത്രി പറഞ്ഞു. 

Content Highlights: kerala government vs governor controversy; minister ak balan says govt will give reply to him