ന്യൂഡല്‍ഹി: നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍  മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്യും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും.

പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75- ആം വകുപ്പ് പ്രകാരവും ആണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ  അറിയിക്കും. നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ചത് ലൈംഗിക സുഖത്തിന് വേണ്ടിയാണോ എന്നറിയാന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. 

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയോ കലയുടെയോ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന നിലപാട് ആണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. രഹ്ന ഫാത്തിമയുടെ മുന്‍കാല ചെയ്തികള്‍കൂടി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നാണ്  സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ രഹ്ന ഫാത്തിമ ആവശ്യപ്പെടുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദേവതകളെ ശില്‍പ്പങ്ങളിലും ചുമര്‍ചിത്രങ്ങളിലും നഗ്നമായ മാറിടങ്ങളും ആയാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ക്ഷേത്രങ്ങളില്‍ എത്തി പ്രാര്‍ത്ഥിക്കുന്ന ആര്‍ക്കും കാമാസക്തി അല്ല മറിച്ച് ഭക്തി ആണ് തോന്നുക.

ഭരണഘടന നിലവില്‍ വരുന്നതിനും മുന്‍പുള്ള ബ്രാഹ്മണ മേധാവിത്വ കാലഘട്ടത്തിലെ യാഥാസ്ഥിക ചിന്തകളെ അടിസ്ഥാനമാക്കി വര്‍ത്തമാന കാലത്ത് അശ്ലീലത നിശ്ചയിക്കുന്നത് നിര്‍ഭാഗ്യകരം ആണെന്നും അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ മുഖേനെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ രഹ്ന ഫാത്തിമ വ്യക്തമാക്കിയിട്ടുണ്ട്.  

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല പ്രവേശനത്തിന് ശ്രമിച്ച വ്യക്തി എന്ന നിലയില്‍ രഹ്ന ഫാത്തിമയുടെ ഹര്‍ജിക്ക് വലിയ ശ്രദ്ധ ദേശിയ തലത്തില്‍ ലഭിക്കാന്‍ ഇടയുണ്ട് എന്ന വിലയിരുത്തല്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കുന്നത് എന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാവാനാണ് സാധ്യത. 

Content Highlights: Kerala Government to defend anticipatory bail plea of Rahna Fathima in Supreme Court of India