കൊച്ചി: ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണി വിശ്വാസിയല്ലെന്നും ആക്ടിവിസ്റ്റ് ആണെന്നും ഹൈക്കോടതി. ആക്ടിവിസ്റ്റുകളായ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ ബി ജെ പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ആക്ടിവിസ്റ്റുകള്‍ കയറുന്നതിനെ പിന്തുണച്ചുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരേ ബി.ജെ.പി. പ്രവര്‍ത്തകര്‍ മുളക് സ്‌പ്രേ ചെയ്തുവെന്ന കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. 

ശബരിമല പ്രവേശന വിധി വന്ന സമയത്ത് ഏറെ പ്രക്ഷുബ്ദമായിരുന്നു. ഒരു ഭാഗത്ത് വിധിയെ എതിര്‍ത്ത് ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവയും മറ്റ് ഹിന്ദു സംഘടനകളും മറുവശത്ത് കേരള സര്‍ക്കാരുമാണ് ഉണ്ടായിരുന്നത്. ഹിന്ദു സംഘടനകളും ബി.ജെ.പിയും ആക്ടിവിസ്റ്റ് ആയ സ്ത്രീയുടെ ശബരിമല പ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ പിന്തുണക്കുകയായിരുന്നുവെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി.

പ്രതികള്‍ക്കെതിരായി സമര്‍പ്പിച്ച വീഡിയോ ദൃശ്യത്തില്‍ രണ്ട് പ്രതികളുടേയും ദൃശ്യങ്ങളില്ല. കൂടാതെ സംഭവം നടന്നതിന് വ്യക്തമായ സാക്ഷിമൊഴികളോ മറ്റ് തെളിവുകളോ ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി അഭിഭാഷകനും രണ്ടാം പ്രതി ബി.ജെ.പി. നേതാവും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിമായിരുന്നു. എന്നിട്ടും ഇരുവരേയും തിരിച്ചറിയാന്‍ വൈകിയെന്നും കോടതി വ്യക്തമാക്കുന്നു. 

പ്രതികളായ പ്രതീഷ് ആര്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 2019 നവംബര്‍ 26ന് രാവിലെ ശബരിമലയില്‍ പോകുന്നതിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാവിലെ ഏഴരയോടെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ എത്തിയ  ബിന്ദു അമ്മിണിയെ ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍  കുരുമുളക്  സ്പ്രേ ഉപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്.

Content Highlights: kerala government support women entry to sabarimala says kerala high court