തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക പെന്‍ഷന്‍ വിതരണം നേരത്തെയാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സഹകരണ സംഘങ്ങള്‍ മുഖേനയുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണമാണ് ആരംഭിച്ചത്. 

വീടുകളിലെത്തിയാണ് അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ തുക കൈമാറുന്നത്. സഹകരണ ബാങ്ക് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ മാസം 27 മുതല്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ ഇനത്തില്‍ 1069 കോടി രൂപയും വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. 54 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ തുക ലഭിക്കുക.

Content Highlights: Kerala Government started welfare pension distribution through co operative societies