ഇ ശ്രീധരൻ, ആർ.വി.ജി മേനോൻ
- കെ റെയില്‍ ആരുടെയെങ്കിലും സ്വപ്നമായിട്ട് കാര്യമില്ല
- ജനങ്ങളുടെ സ്വപ്നമായാലേ ജനം ത്യാഗം സഹിക്കൂ
തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ ഇ ശ്രീധരന്റെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആര്.വി.ജി മേനോന്. ഇ ശ്രീധരന് മത്സരിച്ച പാര്‍ട്ടിയല്ല, മറിച്ച് അദ്ദേഹത്തിന്റെ അറിവും അനുഭവസമ്പത്തുമാണ് പ്രധാനം. പദ്ധതി ആരുടെയെങ്കിലും സ്വപ്നമാവാതെ ജനങ്ങളുടെ സ്വപ്നമായാലേ ജനം ത്യാഗം സഹിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് അതിവേഗ പാത അല്ല, ഇപ്പോഴുള്ള പാതയുടെ ഇരട്ടിപ്പിക്കലാണ് വേണ്ടത്. അതോടൊപ്പം സിഗ്നലിങ്ങിന്റെ ആധുനികവത്കരണവും വേണം. ബുള്ളറ്റ് ട്രെയിന്‍ പോലെ തീരെ സ്റ്റോപ്പ് കുറവായ ട്രെയിനുകളല്ല നമുക്ക് വേണ്ടത്. അത്തരമൊരു ആലോചന നടന്നില്ലെങ്കില്‍ ഇപ്പോഴെങ്കിലും ജനങ്ങളുമായി ചര്‍ച്ച നടത്തുന്നതും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുന്നതും നല്ലതാണ്. പാനല്‍ ചര്‍ച്ചകളിലൂടെ ഒരു കാര്യത്തിലും തീരുമാനത്തിലെത്താന്‍ കഴിയില്ല. ചര്‍ച്ചയ്ക്ക് വരുന്നവരല്ല തീരുമാനമെടുക്കുന്നത്. ഭയമില്ലാതെ സ്വതന്ത്രമായി അഭിപ്രായം പറയുന്ന ചര്‍ച്ചകള്‍ ഉണ്ടാവണം. എങ്കില്‍ മാത്രമേ കെ റെയില്‍ സംബന്ധിച്ച എല്ലാ കാഴ്ചപ്പാടുകളും പ്രതിഫലിക്കുകയുള്ളൂ. റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ തന്നെ വിദഗ്ധനാണ് ഇ ശ്രീധരന്. അദ്ദേഹത്തിന് പറയാനുള്ളത് സര്‍ക്കാര്‍ കേള്‍ക്കണം. അദ്ദേഹത്തിന്റെ പാര്‍ട്ടി അല്ല ഇപ്പോള്‍ നോക്കേണ്ടത്, അറിവും അനുഭവസമ്പത്തുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണയായി ഒരു പദ്ധതി ഡിപിആറില്‍ കാണേണ്ട പല കാര്യങ്ങളും കെ-റെയില്‍ ഡിപിആറില്‍ ഇല്ല. വേണ്ടത്ര പരിസര പഠനം നടന്നിട്ടില്ല. പ്രതിദിനം 80,000 യാത്രക്കാര്‍ ഉണ്ടാവുമെന്നാണ് പറയുന്നത്. കേരളത്തേക്കാള്‍ ജനസാന്ദ്രതയുള്ള വ്യാവസായിക നഗരമായ മുംബൈയില്‍ ഓടുന്ന അതിവേഗ ട്രെയിനില്‍ പോലും ഇതിന്റെ പകുതി യാത്രക്കാര്‍ മാത്രമേ യാത്ര ചെയ്യുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനം സാങ്കേതിക വിദ്യയെ മാത്രം ആശ്രയിച്ചിരിക്കുന്നതല്ല. കെ റെയില്‍ ആരുടെയെങ്കിലും സ്വപ്നമാവാതെ ജനങ്ങളുടെ സ്വപ്നം ആവണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ അതിന് വേണ്ടി ത്യാഗം സഹിക്കാന്‍ തയ്യാറാവുകയുള്ളൂ. എന്തുവില കൊടുത്തും നടപ്പാക്കും എന്നുപറയുന്നത് ശാസ്ത്രീയമായ നിലപാടല്ല. എന്താണോ കൊടുക്കേണ്ട വില, ആ വില കൊടുക്കാന്‍ കേരള സമൂഹം തയ്യാറാവുമോ എന്ന് ജനങ്ങളുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Kerala government should consider E Sreedharan's opinions on K Rail, says RVG Menon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..