-
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി നേരിടാൻ സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന തീരുമാനത്തിൽ പുനഃപരിശോധന ഉണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം പിടിക്കലല്ല, കൊടുക്കേണ്ട ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. പ്രതിസന്ധി നേരിടാൻ സർക്കാരിന് ഇത്തരം നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിടിക്കുന്ന ശമ്പളം തിരിച്ചുനല്‍കുന്ന കാര്യത്തില്‍ തീരുമാനമായോ എന്ന ചോദ്യത്തിന് വിരമിക്കുന്നത് വരെ സമയമുണ്ടല്ലോ എന്നായിരുന്നു ഐസക്കിന്റെ മറുപടി.
ഏപ്രില്‍ മാസത്തില്‍ 250 കോടിയാണ് സംസ്ഥാനസർക്കാരിന്റെ വരുമാനം. കേന്ദ്രം തന്നത് കൂടിയാവുമ്പോൾ അത് 2000 കോടിയാവും. 2500 കോടിവേണം ശമ്പളം കൊടുക്കാൻ. ക്ഷേമപെൻഷന് വേറെ കാണണം. കേന്ദ്രം തരുന്ന ഫണ്ട് ശമ്പളം കൊടുക്കാൻ പോലും തികയില്ല എന്നതാണ് വാസ്തവം.
പ്രവാസികളും കൂടി തിരിച്ചെത്തിയതിനുശേഷം മാത്രമേ കേരളം നേരിടാൻ പോവുന്നത് എന്താണെന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. അതിനാൽ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ അതിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. 20000ൽ താഴെ ശമ്പളമുള്ളവർക്ക് ശമ്പളം മാറ്റിവെക്കൽ ബാധകമല്ല. എന്നാൽ ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങൾ പിന്നീട് അറിയിക്കും.
ശമ്പളം മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളും നിർദേശങ്ങളും സർക്കാരിന് ലഭിച്ചിട്ടുണ്ട്. അത് സമയമെടുത്ത് പരിശോധിക്കും. എന്നിരുന്നാലും ശമ്പളം മാറ്റിവെയ്ക്കുന്ന കാര്യത്തിൽ പിന്നോട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
കേന്ദ്രത്തിൽ ശമ്പളം പിടിക്കലാണ് നടപ്പിലാക്കുന്നത്. ഡി.എ കുറയ്ക്കുമെന്ന് കേന്ദ്രംഅറിയിച്ചു. ഇതിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ഉത്തരവ് കത്തിച്ചുകൊണ്ടാണ് അധ്യാപക സംഘടനകൾ പ്രതിഷേധിച്ചത്. അത് വളരെ ദൗർഭാഗ്യകരമാണ്.
അധ്യാപകരും വീട്ടിലിരിക്കുകയല്ലേ, കേരളത്തിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലി പോലും കിട്ടിയിട്ടില്ല. താൽക്കാലികമായി അവർക്ക് സഹായം കൊടുക്കാൻ ശമ്പളമൊന്നു മാറ്റിവെയ്ക്കണമെന്ന് സർക്കാർ പറയുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന അധ്യാപകർ എന്ത് സാമൂഹിക ബോധമാണ് കേരളത്തിലെ വിദ്യാർഥിക്ക് പകർന്നുകൊടുക്കുന്നത്. ഇത്തരം കാഴ്ചപ്പാട് കേരളത്തിലെ അധ്യാപക സംഘടനകൾ സ്വീകരിക്കുന്നത് വിചിത്രമാണ്
ഈ പണം ദുരിതാശ്വാസനിധിയിലേക്ക് ഇടുന്നില്ലേ എന്നാണ് ഇത് സംബന്ധിച്ചുളള മറ്റൊരു ചോദ്യം. ജീവനക്കാർ സംഭാവന ചെയ്യുന്നില്ലല്ലോ, സർക്കാർ അത് മാറ്റിവെച്ചിരിക്കുകയാണ്, അതെങ്ങനെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാനാവും? അപ്പോൾ ശമ്പളം മാറ്റിവെച്ചുകൊണ്ട് ആ പണം ദുരിതാശ്വാസനിധിയിലേക്ക് സർക്കാർ സംഭാവന ചെയ്യും. ഇതെല്ലാം പാവങ്ങൾക്കുവേണ്ടിയാണ് ചെലവഴിക്കുക.
പ്രതിപക്ഷത്തിന്റെ നിസ്സഹകരണം മൂലമാണ് സാലറി ചലഞ്ച് വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..