തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെയും വിധഗ്ധ സമിതിയുടെയും നിർദ്ദേശമനുസരിച്ചായിരിക്കും നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തമാസത്തോടെ ഇതിനായി സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും. 

എന്നാൽ, കോവിഡ് വിദഗ്ധ സമിതിയുടെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാനാകൂ. വിദ്യാർഥികൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കുന്നതിനനുസരിച്ചാകും നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് എസ്.സി.ഇ.ആർ.ടി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 36 ശതമാനം കുട്ടികൾക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരിൽ കണ്ണിന് ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടതായി പഠനത്തിലുണ്ട്.

"ഡിജിറ്റൽ പഠനത്തിനിടെ കുട്ടികൾക്ക് ആവശ്യമായ വ്യായാമം, പരിചരണം എന്നിവ രക്ഷിതാക്കൾ ഉറപ്പാക്കണം. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് അടുത്തമാസം രക്ഷിതാക്കൾക്ക് പരിശീലനം നൽകും. വിദ്യാർഥികളിൽ മാനസിക പിരിമുറുക്കം കുറക്കാൻ ആവശ്യമായ കൗൺസിലർമാരെ നിയോഗിക്കും." മന്ത്രി അറിയിച്ചു. 

Content Highlights: State plans to open schools soon