
1. എ. പ്രദീപ് 2. കൂനൂരിൽ നടന്ന ഹെലിക്കോപ്റ്റർ അപകടം | Photo - Mathrubhumi archives
തിരുവനന്തപുരം: കൂനൂരില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭാര്യക്ക് നല്കുന്ന ജോലിക്ക് പുറമെ ധനസഹായമായി അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ നല്‍കുന്നതിനും തീരുമാനമായതായി റവന്യു മന്ത്രി കെ.രാജന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.
സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്കാണ് ജോലി നല്‍കുന്നതിനുള്ള നിയമാവലിയുള്ളത്. എന്നാല്‍ പ്രദീപിന് പ്രത്യേക പരിഗണന നല്കുവാന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 2018 ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സന്നദ്ധനായി സേവനമനുഷ്ടിച്ച പ്രദീപ് കേരളത്തിന് നല്കിയ സേവനങ്ങള്‍ സര്‍ക്കാര്‍ വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദീപിന്റെ കുടുംബത്തിന്റെ സ്ഥിതി ദുരിതപൂര്‍ണ്ണമാണ്. കുടുംബത്തിന്റെ ഏക വരുമാനദായകനായിരുന്നു പ്രദീപ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അച്ഛന്റെ ജീവിതം മുന്നോട്ടു പോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കുന്നതിനും സര്‍ക്കാരിന്റെ സൈനിക ക്ഷേമ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി കെ.രാജന് അറിയിച്ചു. പ്രദീപിന്റെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലിയായിരിക്കും നല്‍കുക.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര് സഞ്ചരിച്ച ഹെലികോപ്റ്ററില്‍ ഫ്ലൈറ്റ് ഗണ്ണര്‍ ആയിരുന്നു സേനയില്‍ വാറണ്ട് ഓഫീസറായ പ്രദീപ് (37). അദ്ദേഹം അപകട സ്ഥലത്തുതന്നെ മരിച്ചു. ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി അനേകം സേനാ മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018-ല്‍ കേരളത്തിലെ പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകള്‍ രക്ഷപ്പെടുത്തിയ ആ ദൗത്യസംഘം ഇന്ത്യന്‍ പ്രസിഡന്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേക പ്രശംസ നേടിയിരുന്നു.
Content Highlights: Kerala government lends helping hands to the family of junior warrant officer Pradeep
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..