ഹോസ്റ്റൽ സമയക്രമം പുനക്രമീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് | Photo: Screengrab from Government Order
തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാം ഇനിമുതല്‍ രാത്രി ഒമ്പതരയ്ക്കുള്ളില് ഹോസ്റ്റലില്‍ തിരികെ കയറണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ സമയക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. മെഡിക്കല്‍, ഡെന്റല്‍ കോളേജ് ഹോസ്റ്റലുകളിലെ സമയക്രമത്തില്‍ ലിംഗവിവേചനമുണ്ടെന്നും ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സമയം പുറത്തുപോകാന്‍ അനുവദിക്കുന്നുണ്ടെന്നും ആരോപിച്ച് കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.
ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകളുടെ ഗേറ്റ് ഇനിമുതല്‍ രാത്രി 9:30 യ്ക്ക് അടയ്ക്കണമെന്നും ഗേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ് കൃത്യമായി മൂവ്മെന്റ് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നു. ഇതില്‍ തന്നെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കാണ് 9:30 എന്ന സമയം കര്‍ശനമായി ബാധകമാവുക. അതിനുശേഷം തിരികെയെത്തുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ രക്ഷാകര്‍ത്താവില്‍നിന്ന് കുറിപ്പ് വാങ്ങി വാര്ഡന് സമര്‍പ്പിക്കേണ്ടതാണ്. കുറിപ്പില്‍ പറയുന്ന സമയത്തിനും ശേഷമാണ് അവര്‍ വരുന്നതെങ്കില്‍ മൂവ്മെന്റ് രജിസ്റ്ററില്‍ ഒപ്പുവെപ്പിച്ചതിനുശേഷം മാത്രമേ അകത്തുകടത്താവൂ എന്നുമുണ്ട്. കൂടാതെ, അധികൃതര്‍ രക്ഷാകര്‍ത്താവിനെ വിവരമറിയിക്കണം. രണ്ടാം വര്‍ഷം മുതല്‍, വൈകി തിരികെയെത്തുന്നവര്‍ തങ്ങളുടെ ഐഡി കാര്‍ഡുകള്‍ ഗേറ്റിലെ സെക്യൂരിറ്റിയെ കാണിച്ച് ബോധ്യപ്പെടുത്തുകയും മൂവ്മെന്റ് രജിസ്റ്ററില്‍ സമയം കാണിച്ച് ഒപ്പുവെയ്ക്കുകയും ചെയ്തതിനുശേഷം അകത്തുപ്രവേശിക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്.
വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കുന്നത് സംബന്ധിച്ച് വ്യക്തമായ സമയക്രമം പുറത്തിറക്കണമെന്നുള്ള അപേക്ഷകളുടെ പുറത്താണ് ഇപ്പോഴത്തെ ഉത്തരവെന്ന് സര്‍ക്കാര്‍ പറയുന്നു. പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പൂട്ടിയിടേണ്ട കാര്യമില്ലെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്കുമാത്രമെന്തിനെന്നും ഹൈക്കോടതി ചോദ്യം ചെയ്ത ഘട്ടത്തിലാണ് ഇരുകൂട്ടര്‍ക്കും 9:30 ആക്കി സമയം കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒരു പുതിയ സ്ഥലത്തെത്തുമ്പോഴുള്ള പരിചയക്കുറവും ആശുപത്രിയില്‍ പോയി പഠിക്കേണ്ട ആവശ്യം ഇല്ലാത്തതുമാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ വാദം. മെഡിക്കല്‍ കോളേജുകളിലെ പിടിഎ പ്രതിനിധികളുടെയും പ്രിന്‍സിപ്പാള്‍മാരുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പ്രസ്തുത ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ പറയുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, ആണ്‍കുട്ടികള്‍ക്കു ലഭിക്കുന്ന സ്വാതന്ത്ര്യം തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നു വാദിച്ച് പെണ്‍കുട്ടികള്‍ സമരത്തിലേക്ക് കടന്നപ്പോള്‍, ഇരുകൂട്ടരുടേയും സമയം വെട്ടിച്ചുരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയായ പൗരന്മാരെ അവര്ക്കിഷ്ടമുള്ളിടത്തു പോകാന്‍ അനുവദിച്ചുകൂടേയെന്ന് വിഷയത്തില്‍ സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു. മെഡിക്കല്‍ കോളേജുകളിലെ ലൈബ്രറികളും മറ്റ് സംവിധാനങ്ങളും രാത്രി 11:30 വരെയും പ്രവര്‍ത്തിക്കുന്നുമുണ്ട്.
Content Highlights: government issues new order, reducing the returning time as 9:30 pm, both boys and girls
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..