സ്പ്രിങ്ക്‌ളർ കമ്പനിയുടെ ലോഗോ
ചെന്നൈ: സ്പ്രിങ്ക്ളര്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ ഇടതു മുന്നണി സര്‍ക്കാര്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17-നാണ് റിപ്പോര്‍ട്ട് അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. കമ്മീഷന്‍ ചെയര്‍മാനും മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായ എം. മാധവന്‍ നമ്പ്യാര്‍ നേരിട്ട് സെക്രട്ടറിയേറ്റില്‍ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ അറിയണമെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് വ്യക്തമാക്കിയതായാണ് അറിയുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് കിട്ടി മൂന്നാഴ്ച കഴിഞ്ഞിട്ടും ഉള്ളടക്കത്തെക്കുറിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണവുമുണ്ടായിട്ടില്ല.
22 പേജുള്ള റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ കമ്മീഷന്‍ നിശിത വിമര്‍ശം ഉയര്‍ത്തുന്നുണ്ടെന്നാണ് വിവരം. ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നുതിനും വിശകലനം ചെയ്യുന്നതിനും പുറത്തുനിന്നുള്ള ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ടിയിരുന്ന നടപടി ക്രമങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കോവിഡ് 19-ന്റെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ന്യായീകരിച്ചാലും വീഴ്ചകള്‍ ഗുരുതരമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത് എന്നറിയുന്നു. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഒഴിവാക്കുന്നതിനുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. വിവര സുരക്ഷാ മേഖലയില്‍ വൈദഗ്ധ്യമുള്ള കമ്മീഷന്‍ അംഗം ഗുല്‍ഷന്‍ റായ് ആണ് ഈ കരുതല്‍ നടപടികള്‍ അടങ്ങിയ ശുപാര്‍ശകള്‍ തയ്യാറാക്കിയത് എന്നാണറിയുന്നത്.
കോവിഡ് 19 വിവര ശേഖരണത്തിനും വിശകലനത്തിനുമായി 2020 മാര്‍ച്ച് 25-നാണ് കേരള സര്‍ക്കാര്‍ സ്പ്രിങ്ക്ളറുമായി കരാറിലേര്‍പ്പെട്ടത്. കരാര്‍ വിവാദമായതോടെ ഇക്കഴിഞ്ഞ ഏപ്രില്‍ 22-ന് കേരള സര്‍ക്കാര്‍ രണ്ടംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കി്.
സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ മകന് നേരെയുള്ള അന്വേഷണവുമടക്കം വിവാദങ്ങളില്‍ കുളിച്ചു നില്‍ക്കെ, സ്പ്രിങ്ക്ളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പ്രതിച്ഛായ ഒന്നുകൂടി കലങ്ങുമോ എന്ന പേടിയിലാണ് സര്‍ക്കാര്‍. കേരള സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന സര്‍വ്വെ (കിരണ്‍ - കേരള ഇന്‍ഫര്‍മേഷന്‍ ഒഫ് റെസിഡന്റ്സ് - ആരോഗ്യം നെറ്റ്വര്‍ക്ക് ) നേരത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങിയ അതേ പദ്ധതിയാണെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു.
സി.പി.എമ്മിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് കേരള ജനതയുടെ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നുവെന്ന ഈ പദ്ധതി മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ വേണ്ടെന്നുവെച്ചത്. സ്പ്രിങ്ക്ളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിരണ്‍ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. പത്ത് ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങളാണ് ഈ സര്‍വ്വെയിലൂടെ കേരള സര്‍ക്കാര്‍ ശേഖരിക്കുന്നത്.
കിരണ്‍ പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയ്യെടുത്ത മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനെയാണ് ആദ്യം കമ്മീഷനില്‍ രണ്ടാമത്തെ അംഗമായി സര്‍ക്കാര്‍ നിയോഗിച്ചത്. രാജീവിനെ പിന്നീട് കോവിഡ് 19 വിഷയത്തില്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവാക്കിയതോടെയാണ് ഗുല്‍ഷന്‍ റായ് കമ്മീഷനിലേക്കെത്തിയത്.
ആറു മാസത്തോളം എടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്പ്രിങ്കളറുമായുള്ള ഇടപാടിന് പണം കൊടുക്കേണ്ടി വന്നിട്ടില്ലെന്നും തീര്‍ത്തും സൗജന്യ സേവനമായിരുന്നു അതെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, സംഗതി വിവാദമായതിനെ തുടര്‍ന്ന് നിയമിച്ച അന്വേഷണ കമ്മീഷനും ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസ് നടത്തിപ്പിനും മറ്റുമായി ലക്ഷങ്ങള്‍ സര്‍ക്കാരിന് ഇതിനകം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവിടും എന്ന ഉറപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നതായാണ് അറിയുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാധവന്‍ നമ്പ്യാര്‍ വിസമ്മതിച്ചു. ''ഞങ്ങള്‍ ഞങ്ങളുടെ ജോലി പൂര്‍ത്തിയിക്കി. ഇനിയിപ്പോള്‍ അതിന്മേല്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. വിവര സുരക്ഷയുടെ കാര്യത്തില്‍ വളരെ പ്രസക്തമായ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്.'' അദ്ദേഹം പറഞ്ഞു.
Content Highlights: Kerala Government hesitate to publish Sprinklr Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..