തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി. പോലീസിന്റെ ഹെഡ് ഓഫ് ദി അക്കൗണ്ടില്‍ നിന്നുള്ള ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് നമ്പി നാരായണന് കൈമാറിയിരിക്കുന്നത്. നേരത്തേ കൈമാറിയ 60 ലക്ഷത്തിന് പുറമേയാണിത്.
ഐ.എസ്.ആര്‍.ഒ. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ തന്നെ നമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ചാരക്കേസിന്റെ അന്വേഷണം കഴിഞ്ഞിട്ടും ഇതുവരെയും ഈ കേസ് അദ്ദേഹം പിന്‍വലിച്ചിരുന്നില്ല. ഇതിനിടയില്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ഇതേ തുടര്‍ന്ന് 50 ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. ആ തുക സര്‍ക്കാര്‍ തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് കൈമാറിയിരുന്നു. ഇതിനു പിന്നാലെ മനുഷ്യാവകാശ കമ്മീഷനും അദ്ദേഹത്തിന് 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ആ തുകയും സര്‍ക്കാര്‍ കൈമാറിയിരുന്നു. എന്നാല്‍ തിരുവനന്തപുരം സബ് കോടതിയിലെ നഷ്ടപരിഹാര കേസ് അതേപടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ഐ.എം.ജി. ഡയറക്ടറുമായ കെ. ജയകുമാര്‍ വഴി സര്‍ക്കാര്‍ മധ്യസ്ഥ ശ്രമം നടത്തിയിരുന്നു.
ഈ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഒരു കോടി മുപ്പത് ലക്ഷം രൂപ എന്ന തുകയ്ക്ക് മാനനഷ്ട കേസ് ഒത്തുതീര്‍പ്പാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് 14-ന് നമ്പി നാരായണന് ഈ തുക നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയതും ഒരു കോടി മുപ്പത് ലക്ഷം രൂപ ഇപ്പോള്‍ കൈമാറിയതും.
Content highlight: kerala government gives 1 crore 30 lakh rupee to nambi narayanan as compensation in isro spy scandal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..