കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ കേരള സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. നിയമപരമായി നിലനില്‍പ്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഇത്തരം വങ്കത്തരങ്ങള്‍ക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിന് പകരം പാര്‍ട്ടി ഫണ്ടില്‍നിന്ന് പണം ചെലവഴിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

''ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ നിയമസഭയില്‍ പാസ്സാക്കിയ പ്രമേയത്തിന് പോലും ഒരു വിലയുമില്ലെന്ന് അത് പാസ്സാക്കാന്‍ കൂട്ടുനിന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നിയമസഭാസമ്മേളനത്തിനും ചെലവായി ലക്ഷങ്ങള്‍. കേരളസര്‍ക്കാരിന് നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകന്‍ പോലുമില്ലേ? മുസ്‌ളീം വോട്ടുബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാന്‍ തെരുവില്‍ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുര്‍വ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടി? ഇത്തരം വങ്കത്തരങ്ങള്‍ക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിനുപകരം പാര്‍ട്ടി ഫണ്ടില്‍നിന്ന് പണമെടുത്ത് ചെലവഴിക്കുകയാണ് വേണ്ടത്.''

Content Highlights: kerala government filed petition against caa; bjp leader k surendran criticizes cm pinarayi vijayan