തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 15 സെന്റ് വരെയുള്ള പട്ടയഭൂമിയിലെ 1500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കെട്ടിടനിര്‍മാണത്തിനാണ് സാധുത നല്‍കുന്നത്. ജില്ലയിലെ ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ തീരുമാനം. 

1964-ലെ ഭൂനിയമപ്രകാരം പതിച്ചുനല്‍കിയ പട്ടയ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ക്രമവല്‍ക്കരിക്കുക. എന്നാല്‍ 1500 സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. ഇവയെ അനധികൃത നിര്‍മാണമായി കണക്കാക്കി നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. 

ഇടുക്കി ജില്ലയിലെ കര്‍ഷകരും ചെറുകിടവ്യാപാരികളും ഏറെനാളായി ഉന്നയിക്കുന്ന ആവശ്യത്തിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് സി.പി.ഐ.യും സി.പി.എമ്മും നേരത്തെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഭൂപരിധി 1500 സ്‌ക്വയര്‍ ഫീറ്റായി നിശ്ചയിക്കണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണ് തീരുമാനമെടുത്തത്. പരിധി ഉയര്‍ത്തിയാല്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പരിധി 1500 സ്‌ക്വയര്‍ ഫീറ്റായി നിജപ്പെടുത്തിയത്. 

Content Highlights: kerala government decided to regularize building construction in idukki district