തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് കെഎസ്‌ഐഡിസി-ഇഎംസിസി ധാരണപത്രവും സര്‍ക്കാര്‍ റദ്ദാക്കി. 5000 കോടിയുടെ ധാരണപത്രമാണ് റദ്ദാക്കിയത്. വ്യവസായ മന്ത്രി ഇപി ജയരാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

അസന്‍ഡ് നിക്ഷേപ സംഗമത്തില്‍ കെഎസ്‌ഐഡിസി എംഡി രാജമാണിക്യവും ഇഎംസിസി പ്രതിനിധിയും ഒപ്പിട്ട ആദ്യ ധാരണപത്രമാണ് ഇപ്പോള്‍ റദ്ദാക്കിയത്. ഇഎംസിസി ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് സാങ്കേതിക പരിജ്ഞാനങ്ങള്‍ നല്‍കുന്നതിനുമായി 2020 ഫെബ്രുവരി 28നാണ് ഈ ധാരണപത്രത്തില്‍ ഒപ്പുവെച്ചിരുന്നത്. 

കരാര്‍ സംബന്ധിച്ച് വലിയ വിവാദം ഉയര്‍ന്നതോടെ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഇഎംസിസിയുമായുണ്ടാക്കിയ 2950 കോടിയുടെ ധാരണപത്രവും നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ ആദ്യ ധാരണപത്രവും റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

content highlights: Kerala government cancelled first MOU with EMCC