തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. പദ്ധതികളില്‍നിന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സിനെ(PwC) രണ്ട് വര്‍ഷത്തേക്ക് വിലക്കി. യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ച വരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവിലുള്ള കെ-ഫോണിലെ കരാറും പുതുക്കിനല്‍കില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പിഡബ്യൂസിക്കെതിരേ അന്വേഷണം വന്നത്. സ്വപ്നയെ കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായി നിയമിച്ചത് പിഡബ്ല്യുസി വഴിയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ പേരുയര്‍ന്നതോടെ ഈ നിയമനവും വിവാദമായി. സ്വപ്‌നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. 

അതേസമയം, സ്വപ്‌ന സുരേഷിന്റെ നിയമനമാണ് വിലക്കിന് കാരണമായതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. നേരത്തെ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്നും പിഡബ്യൂസിയെ ഒഴിവാക്കിയിരുന്നു. 

Content Highlights: kerala government banned pwc for two years from governments it projects